Flash News

അഗസ്ത്യാര്‍ താഴ്‌വരയിലെ മാലിന്യ പ്ലാന്റ് : കുടില്‍ കെട്ടി സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക്

അഗസ്ത്യാര്‍ താഴ്‌വരയിലെ മാലിന്യ പ്ലാന്റ് : കുടില്‍ കെട്ടി സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക്
X


കെ മുഹമ്മദ് റാഫി
പാലോട്: ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ അഗസ്ത്യാര്‍ വന താഴ്‌വരയിലെ മാലിന്യ പ്ലാന്റിനെതിരേയുള്ള സമരം സെക്രട്ടേറിയറ്റ് നടയിലേക്ക്. നിലവില്‍ പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ ജില്ലാ കൃഷിത്തോട്ടമായ അഗ്രിഫാമിന് മുന്‍വശത്ത് പന്നിയോട്ടുകടവിലാണ് നാട്ടുകാരും ആദിവാസി സമൂഹവും കുടില്‍കെട്ടി സമരം നടത്തുന്നത്.
ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാത്തതിനാല്‍ സമരം പെരിങ്ങമ്മലയിലും പാലോട്ടും ഒതുങ്ങുകയായിരുന്നു. കുടില്‍കെട്ടി സമരം 75 ദിനങ്ങള്‍ പിന്നിടുമ്പോഴും പ്രതിഷേധം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ നിസാര്‍ മുഹമ്മദ് സുല്‍ഫി ചീഫ് സെക്രട്ടറിക്ക് നല്‍കിയ നിവേദനത്തിനുള്ള മറുപടിയില്‍ സംസ്ഥാനത്തെ ഏഴ് മാലിന്യ പ്ലാന്റുകളില്‍ ഒന്ന് പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ ജില്ലാ കൃഷിത്തോട്ടമായ അഗ്രിഫാമില്‍ ഒരുപറയിലെ 15 ഏക്കര്‍ പ്രദേശത്ത് നിര്‍മിക്കുമെന്ന് അറിയിച്ചിരുന്നു. ഇതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്ലാന്റ് പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തില്‍ തന്നെ വരുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ പ്രതിഷേധം തലസ്ഥാനത്തേക്ക് വ്യാപിക്കാനാണ് സമര സമിതിയുടെ തീരുമാനം. പന്നിയോട്ടുകടവില്‍ നിന്നു കുടില്‍കെട്ടി സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ഈമാസം അവസാനത്തോടെ എത്തും. 20 മുതല്‍ 24 വരെ അരിപ്പ ഭൂസരമവുമായി ബന്ധപ്പെട്ട് സമരസമിതിക്കാര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. ഇത് കഴിയുന്ന സാഹചര്യത്തില്‍ മാലിന്യ പ്ലാന്റിനെതിരേയുള്ള സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പറഞ്ഞു. ഇതിന് മുന്നോടിയായി തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ആക്ഷന്‍ കൗണ്‍സില്‍ യോഗം ചേരും. സമര സമിതിയോടൊപ്പം സിപിഐ ചേര്‍ന്നതോടെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. ഇതിനടിയില്‍ സിപിഎം ഭരിക്കുന്ന പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മാലിന്യ പ്ലാന്റ് വരുമെന്നറിഞ്ഞിട്ടും അംഗങ്ങളെ കബളിപ്പിച്ചതായി ആരോപണമുണ്ട്. മാലിന്യപ്ലാന്റ് സമരത്തിന് പിന്തുണയുമായി എസ്ഡിപിഐ ഇന്ന് പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തില്‍ വാഹന പ്രചാരണ ജാഥ നടത്തും. നാളെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ പന്നിയോട്ടുകടവിലെ സമര പന്തലില്‍ അനുഭാവ സത്യഗ്രഹവും സംഘടിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it