Flash News

വിവാഹേതര ബന്ധം കുറ്റകൃത്യമല്ല: സുപ്രിംകോടതി

വിവാഹേതര ബന്ധം കുറ്റകൃത്യമല്ല: സുപ്രിംകോടതി
X


ന്യൂഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം കുറ്റകൃത്യമല്ലെന്ന് സുപ്രിംകോടതി. 150 വര്‍ഷം പഴക്കമുള്ള ഐപിസിയിലെ 497ാം വകുപ്പ് റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിപ്രസ്താവം നടത്തിയത്. വിവാഹേതര ബന്ധം വിവാഹമോചനത്തിനുള്ള കാരണമാവാമെങ്കിലും കുറ്റകൃത്യമാവാന്‍ പാടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ പീനല്‍ കോഡിലെ 497ാം വകുപ്പിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയിലാണ് സുപ്രിംകോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് ദീപ മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചില്‍ ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരും ഉള്‍പ്പെടുന്നു.
വിവാഹിതനായ പുരുഷന്‍ ഒരു സ്ത്രീയുമായി അവരുടെ ഭര്‍ത്താവിന്റെ അനുമതിയില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ പുരുഷന് മാത്രം ശിക്ഷ നല്‍കുന്ന വകുപ്പാണ് ഐപിസി 497.

വ്യക്തിയുടെ അഭിമാനത്തെയും സ്ത്രീയുടെ തുല്യതയെയും ബാധിക്കുന്ന ഏതൊരു നിയമവും പരിഷ്‌കൃത സമൂഹതത്തില്‍ ഭരണഘടനയ്ക്ക് എതിരാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ലൈംഗിക ബന്ധത്തിന്റെ പേരില്‍ പുരുഷനെ മാത്രം ശിക്ഷിക്കുകയും സ്ത്രീയെ ചരക്കായി പരിഗണിക്കുകയും ചെയ്യുന്ന നിയമമാണ് വ്യഭിചാര നിയമമെന്ന് കോടതി നിരീക്ഷിക്കുന്നു.
പുരുഷനോ സമൂഹമോ ആഗ്രഹിക്കുന്നതു പോലെ സ്ത്രീ ചിന്തിക്കണമെന്ന് ആവശ്യപ്പെടരുത്. ഭര്‍ത്താവ് ഭാര്യയുടെ യജമാനനല്ല. ഒരു സാധാരണ സാഹചര്യത്തെക്കുറിച്ചുള്ള പ്രതികരണമല്ല ഇത്, വ്യഭിജാരം കുറ്റകൃത്യമാക്കണോ എന്ന് പരിശോധിക്കുക മാത്രമാണ് ചെയ്യുന്നത്-ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഖാന്‍വില്‍ക്കറും വിധിയില്‍ വ്യക്തമാക്കി.

വിവാഹത്തിന്റെ പരിശുദ്ധത സംരക്ഷിക്കാന്‍ വ്യഭിജാര നിയമം നിലനിര്‍ത്തേണ്ടതുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍, സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണ് ഈ വകുപ്പെന്നാണ് കോടതി നിലപാടെടുത്തത്. ഭര്‍ത്താവ് ഭാര്യയുടെ യജമാനനല്ലെന്നും കോടതി വ്യക്തമാക്കി.

ഭര്‍ത്താവിന്റെ സമ്മതത്തോട് കൂടിയാണെങ്കില്‍ സ്ത്രീക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്നും നിയമത്തില്‍ പറയുന്നു. ഇത് ഭാര്യ ഭര്‍ത്താവിന്റെ സ്വത്താണെന്ന കാഴ്ച്ചപ്പാടാണെന്ന നിരീക്ഷണത്തിലാണ് കോടതി പ്രസ്തുത വകുപ്പ് റദ്ദാക്കിയിരിക്കുന്നത്. വ്യഭിചാരത്തിലേര്‍പ്പെട്ട സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് ഈ വകുപ്പ് പ്രകാരം കേസെടുക്കുന്നത്. അഞ്ചു വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് ഇത്.
Next Story

RELATED STORIES

Share it