ബാങ്ക് അക്കൗണ്ടിനും മൊബൈലിനും സ്‌കൂള്‍ അഡ്മിഷനും ആധാര്‍ നിര്‍ബന്ധമില്ലന്യൂഡല്‍ഹി: ആധാര്‍ നിയമം ഭരണഘനാപരമായി സാധുവെന്ന് സുപ്രിം കോടതി. എന്നാല്‍, ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ വ്യക്തികളുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ പാടില്ല. ആധാറിനെ ബാങ്ക് അക്കൗണ്ടുമായും മൊബൈല്‍ ഫോണ്‍ നമ്പറുമായും ബന്ധിപ്പിക്കേണ്ടതില്ല. എന്നാല്‍, പാന്‍ കാര്‍ഡിന് ആധാര്‍ ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി. നികുതി റിട്ടേണുകള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും ആധാര്‍ ആവശ്യമാണ്.
ആധാര്‍ ആവശ്യമില്ലാത്തവ
1. സ്‌കൂള്‍ പ്രവേശനം
2. മൊബൈല്‍ കണക്്ഷന്‍
3. ബാങ്ക് അക്കൗണ്ട്
4. പ്രവേശന പരീക്ഷകള്‍
5. സ്വകാര്യ സേവനങ്ങള്‍

ആധാര്‍ ആവശ്യമുള്ളത്
1. പാന്‍ കാര്‍ഡ്
2. നികുതി റിട്ടേണ്‍സ്
3. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍

സ്‌കൂള്‍ അഡ്മിഷന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് നിര്‍ദേശിച്ച സുപ്രിം കോടതി ആധാറിന്റെ പേരില്‍ കുട്ടികളുടെ ഒരു ആനുകൂല്യങ്ങളും നിഷേധിക്കപ്പെടരുതെന്ന് വ്യക്തമാക്കി. സിബിഎസ്ഇ, നീറ്റ്, യുജിസി എന്നിയ്‌ക്കോ സ്‌കൂള്‍ പ്രവേശനത്തിനോ ആധാര്‍ നിര്‍ബന്ധമല്ല. അവശ്യസേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികളില്‍ജസ്റ്റിസ് എ കെ സിക്രിയാണ് ഈ വിധിപ്രസ്താവം നടത്തിയത്. അഞ്ചംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയാണ് ജസ്റ്റിസ് എ കെ സിക്രി വായിച്ചത്.

ആധാര്‍ സമൂഹത്തിലെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെ ശാക്തീകരിക്കുന്നുവെന്ന് നിരീക്ഷിച്ച കോടതി വിവരങ്ങളുടെ ശുരക്ഷയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറാമെന്ന ആധാര്‍ നിയമത്തിലെ 57ാം വകുപ്പ് സുപ്രിം കോടതി റദ്ദാക്കി. ആധാര്‍ ഓതന്റിക്കേഷന്‍ വിവരങ്ങള്‍(ആധാര്‍ ലഭ്യമാക്കുന്നതിന് നല്‍കുന്ന തിരിച്ചറിയല്‍ രേഖകള്‍) ആറ് മാസത്തിലധികം സൂക്ഷിക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

ആധാര്‍ ആക്ട് പ്രകാരം വ്യക്തികള്‍ക്കും കേസ് ഫയല്‍ ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. ആധാര്‍ ആക്ട് പ്രകാരം വ്യക്തികള്‍ക്ക് കേസ് ഫയല്‍ ചെയ്യാന്‍ സാധിക്കില്ലെന്ന വകുപ്പ് സുപ്രിം കോടതി എടുത്ത് കളഞ്ഞു. നേരത്തേ യുഐഡിഎഐക്കും അതിന്റെ ഉദ്യോഗസ്ഥര്‍ക്കും മാത്രമേ കേസ് ഫയല്‍ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളു. ഇനി മുതല്‍ വ്യക്തികള്‍ക്കും കേസ് ഫയല്‍ ചെയ്യാം.

ആധാര്‍ എന്റോള്‍മെന്റിന് പൗരന്മാരില്‍ നിന്ന് സാധ്യമായതില്‍ ഏറ്റവും കുറഞ്ഞ വിവരങ്ങള്‍ മാത്രമേ യുഐഡിഎഐ ശേഖരിക്കാവൂ. ഒരു വ്യക്തിക്ക് നല്‍കുന്ന ആധാര്‍ നമ്പര്‍ സവിശേഷമാണ്. അതു മറ്റൊരു വ്യക്തിയിലേക്ക് പോവാന്‍ പാടില്ലെന്നും വിധി പ്രസ്താവത്തിന്റെ ആമുഖത്തില്‍ പറഞ്ഞു. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ എന്നിവര്‍ക്കു വേണ്ടി കൂടിയാണ് ജസ്റ്റിസ് സിക്രി വിധിപ്രസ്താവം വായിച്ചത്.

അതേ സമയം, ആധാര്‍ മണിബില്ലാക്കരുതായിരുന്നുവെന്ന് ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു. രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാതെയാണ് പാര്‍ലമെന്റ് ആധാര്‍ നിയമം പാസാക്കിയതെന്നതാണ് പ്രധാന എതിര്‍പ്പിനിടയാക്കിയത്. നിയമം മണി ബില്ലായി അവതരിപ്പിച്ചതായിരുന്നു ഇതിന് കാരണം. ഇക്കാര്യത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് ജസ്റ്റിസ് സിക്രിയോട് വിയോജിച്ചു. ആധാര്‍ നിയമം മണി ബില്ലായി അവതരിപ്പിക്കരുതായിരുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. ടെലികോം കമ്പനികള്‍ ഇതിനകം ശേഖരിച്ച ആധാര്‍ വിവരങ്ങള്‍ നീക്കം ചെയ്യണമെന്നും അദ്ദേഹം വിധിപ്രസ്താവത്തില്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ പദ്ധതികളെയും ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ അടക്കമുള്ള സേവനങ്ങളെയും ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള 29 ഹരജികളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ പരിഗിച്ചത്.

ഈ വര്‍ഷം മെയ് 10നാണ് കേസിലെ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്. ജനുവരി 17 മുതല്‍ 38 ദിവസങ്ങളിലായി വാദംകേട്ടശേഷമാണ് ഹരജികള്‍ വിധിപറയാന്‍ മാറ്റിയത്. ഭരണഘടനാ പ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നതാണ് ആധാര്‍ നിര്‍ബന്ധിതമാക്കിക്കൊണ്ടുള്ള തീരുമാനമെന്ന് ഹരജികളില്‍ പറയുന്നു.

പ്രതിപക്ഷ എതിര്‍പ്പുകള്‍ ഒഴിവാക്കാന്‍ പാര്‍ലമെന്റില്‍ മണി ബില്ലായാണ് ആധാര്‍ നിയമം അവതരിപ്പിച്ചതെന്നും ഹരജികളില്‍ ചൂണ്ടിക്കാട്ടുന്നു. ആധാറിന്റെ സുരക്ഷ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് സുപ്രിംകോടതി കേസില്‍ വിധിപറഞ്ഞത്. രാജ്യത്തെ ആധാര്‍ വിവരശേഖരം ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി ഈ മാസം 11ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എ കെ സിക്രി, എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിലെ അംഗങ്ങള്‍. സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാറിന്റേത്.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top