രാജ്യരക്ഷയുടെ പേരില്‍ ആധാര്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലന്യൂഡല്‍ഹി: ആധാര്‍ നിയമത്തിന് ഭരണകൂട സാധുത നല്‍കിയെങ്കിലും പൗരന്മാരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള പഴുതുകള്‍ അടച്ച് സുപ്രിം കോടതി. പൗരന്മാരുടെ മേല്‍ നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള ഭരണകൂട നീക്കത്തിന് തിരിച്ചടി കൂടിയാണ് ആധാര്‍ സംബന്ധമായ സുപ്രിം കോടതി വിധി.

ഭരണകൂടം ആധാര്‍ വിവരങ്ങള്‍ പുറത്ത് വിടുന്നതിന് സുപ്രിംകോടതി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. രാജ്യസുരക്ഷയുടെ പേരില്‍ ആധാര്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ അനുമതി നല്‍കുന്നതും, വ്യക്തിയുടെ വാദം കേള്‍ക്കാതെ വിവരങ്ങള്‍ നല്‍കാന്‍ കോടതികള്‍ ഉത്തരവിടുന്നതും നിയമവിരുദ്ധമാണെന്ന് ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷ വിധി പറയുന്നു.

ദേശീയ സുരക്ഷയുടെ ഭാഗമായി ആധാര്‍ വിവരങ്ങള്‍ പുറത്ത് വിടുന്നതിന് അനുമതി നല്‍കുന്ന ആധാര്‍ നിയമത്തിലെ സെക്ഷന്‍ 33(2) കോടതി റദ്ദാക്കി. ജില്ലാ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് വ്യക്തിയുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാമെന്ന സെക്ഷന്‍ 33 (1) കോടതി ലഘൂകിരിച്ചു.

ഇത്തരത്തില്‍ ഉത്തരവിടുന്നതിന് മുമ്പ് വ്യക്തിയുടെ വാദം കോടതി നിര്‍ബന്ധമായും കേട്ടിരിക്കണം. ആധാര്‍ വിവരങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനികളിലേക്കും സ്വകാര്യ ഏജന്‍സികളിലേക്കുമെത്തിക്കാന്‍ കരണമായേക്കാവുന്ന സെക്ഷന്‍ 57ഉം ജസ്റ്റിസ് എ കെ സിക്രി പുറപ്പെടുവിച്ച ഭൂരിപക്ഷ വിധി റദ്ദാക്കി.

ആധാര്‍ വിവരങ്ങള്‍ ചോരുന്നതിനെ ചോദ്യം ചെയ്ത് യുഎഡിഐക്ക് മാത്രമേ കോടതികളെ സമീപിക്കാന്‍ കഴിയൂ എന്നും രേഖകള്‍ ചോര്‍ന്ന വ്യക്തിക്ക് കഴിയില്ലെന്നും പറയുന്ന സെക്ഷന്‍ 47 കോടതി റദ്ദാക്കി. വ്യക്തി വിവരങ്ങള്‍ തോന്നിയ പോലെ ഉപയോഗിക്കാനുള്ള ഭരണകൂടത്തിന്റെയും കോര്‍പറേറ്റുകളുടെയും നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് കോടതിയുടെ നിയന്ത്രണം.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top