ശാന്തിയുടെ കണ്ണില്‍ ആസിഡൊഴിച്ച് കവര്‍ച്ച; അഞ്ചു പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണും പണവും കവര്‍ന്നുപയ്യോളി: ക്ഷേത്രം ശാന്തിയുടെ കണ്ണില്‍ ആസിഡൊഴിച്ച് കവര്‍ച്ച. ഇന്നലെ പുലര്‍ച്ചെ കീഴൂര്‍ മഹാശിവക്ഷേത്രത്തിലാണ് സംഭവം. ആസിഡ് അക്രമത്തില്‍ ഇടത് കണ്ണിന് ഗുരുതരമായ പരിക്കേറ്റ് ക്ഷേത്രം കീഴ്ശാന്തി ബാലുശേരി അഞ്ഞൂറ്റിമംഗലം ഹരീന്ദ്രനാഥ് നമ്പൂതിരിയെ (52) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വര്‍ണമാല, രണ്ട് മൊബൈല്‍ ഫോണ്‍, പണം, ക്ഷേത്രത്തിന്റെ താക്കോല്‍ കൂട്ടം എന്നിവയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
ഇന്നലെ പുലര്‍ച്ചെ 4.45 ഓടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. മണിയൂരിലെ വീട്ടില്‍ നടന്ന ഗണപതി ഹോമ ചടങ്ങില്‍ പങ്കെടുത്ത ശേഷം നാലരയോടെ ക്ഷേത്രത്തില്‍ എത്തിയതായിരുന്നു. ഇതിന് ശേഷം ക്ഷേത്രകുളത്തിലെ പതിവ് കുളിക്ക് മുന്‍പ് ശുചിമുറിയില്‍ പോയപ്പോള്‍, ധരിച്ചിരുന്ന അഞ്ച് പവനോളം തൂക്കം വരുന്ന സ്വര്‍ണമാല, രണ്ട് മൊബൈല്‍ ഫോണുകള്‍, ചുറ്റമ്പലത്തിന്റെ താക്കോല്‍ കൂട്ടം എന്നിവ തുണി സഞ്ചിയില്‍ പൊതിഞ്ഞു ശുചിമുറിയുടെ വാതിലിന് പുറത്ത് വെച്ചതായിരുന്നു. ഇവിടെ നിന്ന് മോഷ്ടാവ് ഇതെടുക്കാന്‍ തുടങ്ങുന്നതിനിടെ ഹരീന്ദ്രനാഥ് തടയാന്‍ ശ്രമിച്ചതാണ് ആക്രമിക്കാന്‍ കാരണം. മോഷ്ടാവ് കൈക്കലാക്കിയ സഞ്ചി തിരികെ എടുക്കാനായുള്ള മല്‍പിടുത്തത്തിനിടെ ആഡിസ് കണ്ണിലും വായിലും ഒഴിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നതു.
ആക്രമണത്തിന് വിധേയമായിട്ടും മോഷ്ടാവിനെ നൂറു മീറ്ററോളം അകലെയുള്ള റോഡ് വരെ ഇദ്ദേഹം പിന്തുടര്‍ന്നു. ശബ്ദം കേട്ട് ക്ഷേത്രം സുരക്ഷാ ജീവനക്കാരനും, മറ്റു മെത്തുമ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു.മുഖം മൂടി ധരിച്ച രണ്ടു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പറയുന്നു.കഴിഞ്ഞ എട്ട് വര്‍ഷമായി കീഴൂര്‍ ശിവക്ഷേത്രത്തിലെ കീഴ്ശാന്തിയാണ് ഇദ്ദേഹം.
പയ്യോളി പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഡിവൈഎസ്പി എ.പി ചന്ദ്രന്‍ , സി.ഐ എം പി രാജേഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഡോഗ് സ്‌ക്വാഡും, ഫോറന്‍സിക് വിഭാഗവും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.

RELATED STORIES

Share it
Top