Flash News

അഭിലാഷ് ടോമിയെ ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അഭിലാഷ് ടോമിയെ ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
X

ന്യൂഡല്‍ഹി: പായ് വഞ്ചി തകര്‍ന്ന് അപകടത്തില്‍പ്പെട്ട മലയാളി കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ ആരംഭിച്ചു. പ്രാഥമിക ചികില്‍സക്ക് ശേഷം ഇവിടെനിന്നും ഓസ്‌ട്രേലിയയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും. മുതുകിന് സാരമായി പരിക്കേറ്റെങ്കിലും അഭിലാഷിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കൈകാലുകള്‍ ഇളക്കാന്‍ സാധിക്കുന്നുണ്ട്.
ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് സത്പുരയിലാകും ആംസ്റ്റര്‍ഡാമില്‍നിന്നും ഓസ്‌ട്രേലിയയിലേക്ക് അഭിലാഷിനെ കൊണ്ടുപോവുക. അവിടെനിന്നും വിമാന മാര്‍ഗ്ഗം അഭിലാഷിനെ ചെന്നെയിലെത്തിക്കാനാണ് നീക്കം.
ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെയാണ് മലയാളിയായ അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടത്. പായ് വഞ്ചിയുടെ തൂണ്‍ തകര്‍ന്നുവീണ് അഭിലാഷിന് ടോമിയുടെ നടുവിനാണ് പരുക്കേറ്റത്. അദ്ദേഹത്തിന് അനങ്ങാന്‍ സാധിക്കാത്ത നിലയിലായിരുന്നു.
അപകടത്തില്‍പ്പെട്ട അഭിലാഷിനെ ഫ്രെഞ്ച് മത്സ്യബന്ധനയാനമായ ഓസിരിസാണ് രക്ഷപ്പെടുത്തിയത്. ബോട്ടില്‍വച്ച് അദ്ദേഹത്തിന് പ്രാഥമിക ചികില്‍സ നല്‍കി.
ഇന്ത്യന്‍ നാവികസേനയുടെ പി8ഐ വിമാനം നടത്തിയ തിരച്ചിലിലാണ് അഭിലാഷിന്റെ പായ് വഞ്ചി കണ്ടെത്തിയത്. ഇതാണ് രക്ഷാപ്രവര്‍ത്തനത്തിന് ഏറെ സഹായകരമായത്. വിമാനത്തില്‍ നിന്ന് അയച്ച റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിച്ചതോടെയാണ് സുരക്ഷിതനാണെന്ന് വ്യക്തമായത്.
ഫ്രാന്‍സിലെ 'ലെ സാബ്‌ലെ ദെലോന്‍' എന്ന തുറമുഖത്തു നിന്ന് ജൂലൈ ഒന്നിനാണ് ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനായുളള യാത്ര ആരംഭിച്ചത്. ഒറ്റയ്ക്ക് ഒരിടത്തും നിര്‍ത്താതെ 30,000 മൈല്‍ പായ്‌വഞ്ചിയില്‍ പ്രയാണം ചെയ്യേണ്ട ഗോള്‍ഡന്‍ ഗ്ലോബല്‍ റേസിന്റെ 82ാം ദിവസമാണ് അഭിലാഷ് ടോമി അപകടത്തില്‍ പെട്ടത്. ഇതിനോടകം 19446 കിലോമീറ്റര്‍ അഭിലാഷ് പായ് വഞ്ചിയില്‍ പിന്നിട്ടിരുന്നു.
മൂന്നാം സ്ഥാനത്തായി മുന്നേറിയിരുന്ന അഭിലാഷിന്റെ തുരിയ എന്ന പായ്‌വഞ്ചി മണിക്കൂറില്‍ 120 കിലോമീറ്ററിലേറെ ശക്തിയില്‍ വീശിയടിച്ച കാറ്റിലും, 14 മീറ്ററിലേറെ ഉയരത്തില്‍ ഉയര്‍ന്നു പൊങ്ങിയ തിരമാലയിലും പെട്ടാണ് അപകടമുണ്ടായത്. ജിപിഎസ് അടക്കം ആധുനിക സംവിധാനങ്ങള്‍ ഒന്നും ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍, 1960കളില്‍ കടല്‍ പര്യവേക്ഷണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളിലാശ്രയിച്ചാണ് പ്രയാണം.
Next Story

RELATED STORIES

Share it