മികച്ച യുവശാസ്ത്രജ്ഞനുള്ള പുരസ്‌കാരം നേടിയ ഡി.ആര്‍.ഡി.ഒ ഉദ്യോഗസ്ഥന്‍ ചാരക്കേസില്‍ അറസ്റ്റിലായിന്യൂഡല്‍ഹി : മികച്ച യുവശാസ്ത്രജ്ഞനുള്ള പുരസ്‌കാരം നേടിയ ഡി.ആര്‍.ഡി.ഒ ഉദ്യോഗസ്ഥന്‍ ചാരക്കേസില്‍ അറസ്റ്റിലായി.
ഡി.ആര്‍.ഡി.ഒയുടെ മഹാരാഷ്ട്രയിലെ നാഗ്പൂര്‍ യൂനിറ്റിലെ നിശാന്ത് അഗര്‍വാള്‍ ആണ് ബ്രഹ്‌മോസ് മിസൈലിന്റെ സാങ്കേതികവിവരങ്ങള്‍ പാകിസ്താനു ചോര്‍ത്തിക്കൊടുത്തെന്നാരോപിച്ച് അറസ്റ്റിലായത്.
സൈനികരഹസ്യാന്വേഷണ വിഭാഗവും ഉത്തര്‍പ്രദേശ് പൊലിസും സംയുക്തമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള കാണ്‍പൂരിലെ പരീക്ഷണശാലയായ ഡി.എം.എസ്.ആര്‍.ഡി.ഇയിലെ രണ്ടുജീവനക്കാരെയും ഇതോടനുബന്ധിച്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നുപേരെയും ചോദ്യംചെയ്തുവരികയാണ്. 1923ലെ ഔദ്യോഗിക വിവരസംരക്ഷണ നിയമ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ഡി.ആര്‍.ഡി.ഒയിലെ മികച്ച യുവശാസ്ത്രജ്ഞനുള്ള പുരസ്‌കാരം കഴിഞ്ഞവര്‍ഷമാണ് നിശാന്ത് നേടിയത്.
ഏതാനും ദിവസമായി നിശാന്തിനെ നാഗ്പൂരിലെ സൈനികരഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഭീകരതാ വിരുദ്ധ സേനയും (എ.ടി.എസ്) നിരീക്ഷിച്ചുവരികയായിരുന്നു.
ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈലാണ് ഇന്ത്യയുടെ ഡി.ആര്‍.ഡി.ഒയുടെയും റഷ്യയുടെ എന്‍.പി.ഒ.എമ്മിന്റെയും സംയുക്ത സംരംഭമായ ബ്രഹ്മോസ്. ഈ മിസൈലിന്റെ സാങ്കേതിക വിദ്യ സംബന്ധിച്ച സുപ്രധാനരേഖകള്‍ നിശാന്തില്‍ നിന്നു കണ്ടെടുത്തതായി പോലിസ് പറഞ്ഞു. ഡി.ആര്‍.ഡി.ഒയിലെ മറ്റാര്‍ക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്. പാക് ചാരസംഘടനയായ ഐ.എസ്.ഐക്കു പുറമെ അമേരിക്കന്‍ ചാരസംഘടനക്കും നിശാന്ത് രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയതായും അധികൃതര്‍ സംശയിക്കുന്നു.

RELATED STORIES

Share it
Top