92,60,500 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

തിരൂര്‍: വാഹനാപകടത്തില്‍   മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 92,60500 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തിരൂര്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ വിധിച്ചു. കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരായ മഞ്ചേരി പുല്‍പ്പറ്റ സ്വദേശി അലിക്ക പറമ്പില്‍ രാജേഷ്, കോട്ടക്കല്‍ ആമപ്പാറ സ്വദേശി രാഗത്തില്‍ ശശി പ്രസാദ്, കാവതികളം സ്വദേശി കടക്കോട്ടില്‍ രമേഷ് എന്നിവര്‍ മരിച്ച സംഭവത്തിലാണ് വിധി.
2015 ആഗസ്ത് 26 ന് കഞ്ചിക്കോട്ടുവെച്ചായിരുന്നു അപകടം. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ റോഡപകടത്തില്‍ പരുക്കേറ്റ യുവാവിനെ രക്ഷപെട്ടുത്തുന്നതിനിടയില്‍ അമിത വേഗതയില്‍ വന്ന ലോറി ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
മൂവരും തല്‍ക്ഷണം മരിച്ചു. മൂവരുടേയും അവകാശികള്‍ വെവ്വേറെ ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിച്ചത്. രാജേഷിന്റെ അമ്മ സരോജിനിയമ്മയും ഭാര്യ അശ്വതിയും ഫയല്‍ ചെയ്ത ഹരജിയില്‍ 2872500 രൂപയും ശശി പ്രസാദിന്റെ അമ്മ ദേവകിയും ഭാര്യ രമ്യയും രണ്ടു മക്കളും ഫയല്‍ ചെയ്ഹരജിയില്‍ 33,69,400 രൂപയും രമേഷിന്റെ അമ്മ ജയലക്ഷ്മിയും ഭാര്യ ബിന്ദുവും രണ്ടു മക്കളും ഫയല്‍ ചെയ്ത ഹരജിയില്‍ 30,18,600 രൂപയുമാണ് വിധിച്ചത്. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. വിധി സംഖ്യ ഏഴു ശതമാനം പലിശ സഹിതം നല്‍കണമെന്ന് ജഡ്ജ് കെ കെ ബാലകൃഷ്ണന്‍ വിധിയില്‍ നിര്‍ദേശിച്ചു. മരണപ്പെട്ട മൂന്ന് പേരും ആര്യവൈദ്യശാലയുടെ കഞ്ചിക്കോട് ബ്രാഞ്ചിലെ ജീവനക്കാരായിരുന്നു.

RELATED STORIES

Share it
Top