90 ബസ്സുകള്‍ സര്‍വീസ് നിര്‍ത്തി: യാത്രാ പ്രതിസന്ധി രൂക്ഷം

റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: സ്വകാര്യ ബസ്സുകള്‍ നിരത്തൊഴിയുന്നത് ജില്ലയില്‍ യാത്രാ സംവിധാനം താളം തെറ്റിക്കുന്നു. ഈ മാസം മാത്രം 90 ബസ്സുകളാണ് ജില്ലയിലെ നിരത്തുകളില്‍ നിന്നു മാറി നില്‍ക്കുന്നത്. അറ്റകുറ്റപ്പണികളുടെ പേരില്‍ ജി ഫോം ആര്‍ടി ഓഫിസുകളില്‍ നല്‍കി നിയമപ്രകാരമാണ് സര്‍വീസില്‍ നിന്നുള്ള പിന്‍മാറ്റമെങ്കിലും ഇന്ധന വിലയിലെ അസ്ഥിരത സ്വകാര്യ ബസ് വ്യവസായത്തെ തളര്‍ത്തുന്ന സാഹചര്യത്തില്‍ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് നിലവിലെ പിന്‍മാറ്റം.
പ്രവര്‍ത്തന പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ആര്‍ടിസി സര്‍വീസുകളും വെട്ടിക്കുറച്ചതോടെ സ്വകാര്യ ബസ്സുകള്‍ നിരത്തൊഴിയുന്നത് രൂക്ഷമായ യാത്രാ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ മാസം ആരംഭത്തില്‍ 90 ബസ്സുകളാണ് അറ്റകുറ്റപ്പണികളുടെ പേരില്‍ ബന്ധപ്പെട്ട ആര്‍ടി ഓഫിസുകളില്‍ ജി ഫോം നല്‍കി സര്‍വീസില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. അനുവദിച്ച പെര്‍മിറ്റനുസരിച്ച് ജില്ലയില്‍ 850 സ്വകാര്യ ബസ്സുകളാണ് വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്.
ഇതില്‍നിന്നു 90 ബസ്സുകള്‍ മാറി നിന്നതോടെ സര്‍വീസ് തുടരുന്ന ബസ്സുകള്‍ 760 മാത്രമായി. ജി ഫോം നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അനുമതി എല്ലാവര്‍ക്കും നല്‍കിയിട്ടില്ല. എന്നാലിത്രയും ബസ്സുകള്‍ നിരത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. സംസ്ഥാനം നേരിടുന്ന രൂക്ഷമായ മഴക്കെടുതികള്‍ക്കിടയിലും പെട്രോളിയം ഇന്ധന കമ്പനികള്‍ നിത്യേന വില വര്‍ധിപ്പിച്ചുള്ള ചൂഷണം തുടരുന്നത് സ്വന്തം വാഹനമുള്ള നിരവധിപേരെ പൊതു യാത്രാ സംവിധാനത്തിലേക്ക് അടുപ്പിച്ചിരുന്നു. സ്വകാര്യ ബസ്സുകളടക്കം നിരത്തൊഴിയുന്നത് ഉള്‍നാടുകളില്‍ നിലവില്‍ യാത്രാ പ്രതിസന്ധി സങ്കീര്‍ണമാക്കിയിട്ടുണ്ട്. വിലയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടലോടെ 2.5 രൂപയുടെ കുറവു വന്നെങ്കിലും അധിക വിലയ്ക്കുള്ള നികുതി വേണ്ടെന്നുവയ്ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇതുവരെ തയ്യാറായിട്ടില്ല.
ഇന്ധന വില വര്‍ധന ജീവിത ചെലവുയര്‍ത്തുന്നത് ദുരിതാശ്വാസ വേളയില്‍ ഇരട്ടി ഭാരമാണ് സാധാരണക്കാര്‍ക്കുണ്ടാക്കുന്നത്.
ഇന്ധന വില ഗണ്യമായി ഉയരുന്നത് സ്വകാര്യ ബസ് സര്‍വീസ് തുടരുന്നതിനു കടുത്ത വെല്ലുവിളി തീര്‍ക്കുന്നെന്ന പരാതി വ്യാപകമായിരുന്നു. എന്നാല്‍, വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമായിട്ടില്ല. നഷ്ടക്കണക്ക് പെരുകിയതോടെ കെഎസ്ആര്‍ടിസിയും ജില്ലയിലെ ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകള്‍ വ്യാപകമായി വെട്ടിക്കുറക്കുന്നുണ്ട്. അനിയന്ത്രിതമായി ബസ്സുകള്‍ സര്‍വീസ് അവസാനിപ്പിക്കുന്നത് വിദ്യാര്‍ഥികളടക്കമുള്ള സാധാരണ യാത്രക്കാരെയാണ് വെട്ടിലാക്കുന്നത്. ജി ഫോം നല്‍കി സര്‍വീസില്‍ നിന്നു വിട്ടുനിന്നാല്‍ നികുതിയടവാക്കേണ്ട എന്നതാണ് ബസ്സുടമകളെ ആകര്‍ഷിക്കുന്നത്. പെര്‍മിറ്റ് ഉപേക്ഷിച്ചാല്‍ പിന്നീട് പുനസ്ഥാപിക്കാനുള്ള നിയമ പ്രശ്‌നങ്ങളില്‍ നിന്നു സംരക്ഷണം ലഭിക്കുമെന്നതും താല്‍ക്കാലികമായുള്ള മാറി നില്‍കലിനെ പ്രോല്‍സാഹിപ്പിക്കുന്നു. മൂന്നുമാസം വരെ ഇത്തരത്തില്‍ ബസ്സുകള്‍ക്കു നികുതി ഇളവു ലഭിക്കുമെങ്കിലും സര്‍ക്കാറിന് ഭീമമായ സാമ്പത്തിക ബാധ്യതയാണ് ഇക്കാരണത്താലുണ്ടാവുക. ഇതാണ് ജി ഫോം നല്‍കിയ ബസ്സുകള്‍ക്കും കട്ടപ്പുറത്തേക്കുള്ള അനുമതി നല്‍കുന്നതില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം വൈകുന്നതില്‍ പ്രധാന കാരണമായി വ്യാഖ്യാനിക്കപ്പെടുന്നത്.

RELATED STORIES

Share it
Top