malappuram local

9.9 കോടി മൂല്യമുള്ള വിദേശ കറന്‍സികള്‍ പിടികൂടി

നിലമ്പൂര്‍: വിദേശ കറന്‍സികളുമായി നിലമ്പൂരില്‍ അഞ്ചംഗ സംഘം പോലിസിന്റെ പിടിയിലായി. 9.90 കോടി മൂല്യം വരുന്ന 198 ടര്‍ക്കിഷ് ലിറ കറന്‍സികളും ഇവരില്‍നിന്നു പിടികൂടിയിട്ടുണ്ട്. ഓരോ കറന്‍സിയും അഞ്ച് ലക്ഷം ലിറയുടേതാണ്. പിടിച്ചെടുത്ത് ലിറ തുടര്‍ച്ചയായ സീരിയല്‍ നമ്പറുകളിലുള്ളതാണ്. ഒരു ടര്‍ക്കിഷ് ലിറയ്ക്ക് 12.19 ഇന്ത്യന്‍ രൂപ മൂല്യമാണുള്ളത്.
എടപ്പാള്‍ കരിങ്കല്ലത്താനി കാഞ്ഞിരമുക്ക് തെക്കേക്കരയില്‍ അബ്ദുല്‍ സലാം (45), ആലപ്പുഴ കായംകുളം പള്ളിക്കല്‍ മഞ്ചാടിത്തറ സന്തോഷ് നിവാസില്‍ സന്തോഷ് കുമാര്‍ (43), ഇതേ സ്ഥലത്തെ കമലാലയത്തില്‍ ശ്രീജിത് കൃഷ്ണന്‍ (39), എറണാകുളം വൈപ്പിന്‍ എടവനക്കാട് ചുള്ളിപ്പറമ്പന്‍ സലീം (53), പാലക്കാട് മുണ്ടൂര്‍ വെളിക്കാട് പാറക്കല്‍ ജംഷീര്‍ (29) എന്നിവരാണ് കെഎന്‍ജി റോഡില്‍ നിലമ്പൂര്‍ വെളിയംതോട് പിടിയിലായത്. വിദേശ കറന്‍സികള്‍ വിപണനത്തിനായി ഗൂഢല്ലൂരിലേക്ക് കടക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് പോലിസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലയിലെ പ്രധാന ടൗണുകളില്‍ കുഴല്‍പ്പണ, വിദേശ കറന്‍സി വിനിമയവും വിപണനവും നടക്കുന്നുണ്ടെന്ന് ജില്ലാ പോലിസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍, നിലമ്പൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ കെ എം ബിജു എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ പോലിസ്, നിലമ്പൂര്‍ സ്‌നിഫര്‍ ടീം എന്നിവരുള്‍പ്പെട്ട സംഘം ദിവസങ്ങളായി അന്വേഷണം നടത്തിവരുകയായിരുന്നു.
ഇതിനിടയിലാണ് ലിറയുമായി ഇവര്‍ പിടിയിലാവുന്നത്. ഇത്തരം കറന്‍സികളുടെ വിനിമയവും വിതരണവും സംബന്ധിച്ച് പിടിയിലായവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. തുടര്‍നടപടികള്‍ക്കായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് റിപോര്‍ട്ട് നല്‍കും.
ഡിവൈഎസ്പി, സിഐ എന്നിവര്‍ക്കു പുറമേ എസ്‌ഐ കെ എം ആന്റണി, സി പി മുരളി, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍, ടി ശ്രീകുമാര്‍, സുനീഷ്, സുരേഷ്, പ്രദീപ്, ജയരാജന്‍, റെയ്ഹാനത്ത് എന്നീ ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്.

Next Story

RELATED STORIES

Share it