9 കേസുകളിലെ പ്രതിയെ കാപ്പാ പ്രകാരം പോലിസ് അറസ്റ്റ് ചെയ്തു

നിലമ്പൂര്‍: മൂന്ന് വധശ്രമക്കേസുകളിലുള്‍പ്പെടെ 9 കേസുകളിലെ പ്രതിയായ യുവാവിനെ നിലമ്പൂര്‍ സിഐ കെ എം ബിജു കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റെന്ന് സിഐ പറഞ്ഞു.
നിലമ്പൂര്‍ വല്ലപ്പുഴ തുപ്പിനിക്കാടന്‍ ജംഷീര്‍ എന്ന ബംഗാളി ജംഷീറിനെയാണ് അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍, വഴിക്കടവ്, എടക്കര, അമരമ്പലം സ്റ്റേഷനുകളിലാണ് പ്രതിക്കെതിരേ കേസുകളുള്ളത്. 2011 മെയ് 15ന് നിലമ്പൂര്‍ മുതുകാട് ഒരു വീട്ടില്‍ കയറി മാലപൊട്ടിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യതുവെന്നാണ് കേസ്. കോണ്‍ഗ്രസ് ഓഫിസില്‍ രാധ കൊലചെയ്യപ്പെട്ട കേസിലെ ഒന്നാംപ്രതി കെ ടി ബിജുവിന്റെ നിര്‍ദേശ പ്രകാരം മുമ്പ് രാധയെ കൊലപ്പെടുത്താന്‍ ജംഷീറും മൂന്നുതവണ ശ്രമിച്ചെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
2010ന് ശേഷം കാപ്പ നിയമപ്രകാരം നിലമ്പൂര്‍ സ്റ്റേഷനില്‍ ആദ്യം അറസ്റ്റിലാവുന്നയാളാണ് ജംഷീര്‍. നിലമ്പൂര്‍ സ്റ്റേഷന്‍ പരിധിയില്‍ 3 കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ ലിസ്റ്റ് പരിശോധിച്ചുവരികയാണെന്നും സിഐ പറഞ്ഞു. രാഷ്ട്രീയ കേസുകള്‍ ഇതില്‍ ഉള്‍പ്പെടില്ല. ജംഷീറിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.

RELATED STORIES

Share it
Top