77 ഹെക്ടര്‍ വനഭൂമിക്ക് അനുമതി നല്‍കി മോദി

മുംബൈ: അഹ്മദാബാദ്-മുംബൈ അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വേണ്ടി 77 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമതി. 2006ലെ വനാവകാശ നിയമത്തിന് കീഴില്‍ വരുന്ന നഷ്ടപരിഹാരങ്ങള്‍ അടിയന്തരമായി നല്‍കി തീര്‍ക്കുമെന്ന നിബന്ധനയിലാണ് അംഗീകാരം.
നാഷനല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എന്‍എച്ച്എസ്ആര്‍എല്‍) മായി സഹകരിച്ച് 1.08 ലക്ഷം കോടിയുടെ ഈ പദ്ധതിക്ക് ഉടന്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും മഹാരാഷ്ട്ര ഗുജറാത്ത് സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര നഗര്‍ ഹവേലി എന്നിവടങ്ങളിലെ ചീഫ് സെക്രട്ടറിമാരും പ്രധാനമന്ത്രിയും തമ്മില്‍ ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്.
രണ്ട് സംസ്ഥാനങ്ങളിലെ 42 ഗ്രാമങ്ങളിലായി 77.45 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കാനുള്ള അപേക്ഷ ഫെബ്രുവരി 17-2018ല്‍ മഹാരാഷ്ട്രയും, ഏപ്രില്‍ 20  2018ല്‍ ഗുജറാത്ത് സര്‍ക്കാരും സമര്‍പ്പിച്ചിരുന്നു. 1980ലെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ടിലെ സെക്ഷന്‍ 2 (2) പ്രകാരമാണ് ഈ അനുമതി നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 51 ശതമാനവും ഗുജറാത്തില്‍ 58 ശതമാനവും ഭൂമിയേറ്റെടുക്കല്‍ പുരോഗമിച്ചിട്ടുണ്ട്.
എന്നാല്‍, രണ്ടു സംസ്ഥാനങ്ങളുടെയും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം മന്ത്രാലയങ്ങള്‍  ഇതുവരെ എഫ്ആര്‍എ സര്‍ട്ടിഫിക്കറ്റുകള്‍ ന ല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മോദി ഇത്രയധികം വനഭൂമി ഏറ്റെടുക്കാനുള്ള അനുമതി നല്‍കിയതെന്നത് ശ്രദ്ധേയമാണ്. ഒരു വികസന പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കപ്പെടുന്ന ഏറ്റവും വലിയ അളവിലുള്ള വനഭൂമിയാണ് ഈ പദ്ധതിക്ക് വേണ്ടി അനുവദിച്ചിട്ടുള്ളത്.  മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് പദ്ധതി (എംഎന്‍ടിഎല്‍) പദ്ധതിക്ക് വേണ്ടി 47ഹെക്ടര്‍ വനഭൂമിയുമാണ് ഇതിന് മുമ്പ് ഇത്രയധികം വനഭൂമി ഏറ്റെടുത്ത പദ്ധതികള്‍.
ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ച് രണ്ട് സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ സംയുക്ത യോഗം ആ മാസം ആദ്യത്തില്‍ സൂറത്തില്‍ നടന്നിരുന്നു. ഗുജറാത്തിലേയും മഹാരാഷ്ട്രയിലേയും 312 ഗ്രാമങ്ങള്‍ ഇതിനായി ഭൂമി വിട്ടുകൊടുക്കേണ്ടി വരും. വനം വകുപ്പിന്റെയും റെയില്‍വേയുടെയും മൊത്തം 7,974 പ്ലോട്ടുകളാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്.

RELATED STORIES

Share it
Top