762 പേര്‍ക്കെതിരേ 19 കേസുകള്‍; 41 പേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങള്‍ക്ക് മുതിരുകയും പ്രകോപനപരമായ രീതിയില്‍ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തതിന് ജില്ലയില്‍ വിവിധ പോലിസ് സ്‌റ്റേഷനുകളിലായി 762 പേര്‍ക്കെതിരേ 19ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 41 പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലിസ് മേധാവി അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെക്കുറിച്ച് വിശദാന്വേഷണം നടത്തി നടപടി സ്വീകരിക്കും. പ്രതികളുടെ ലിസ്റ്റ് തയ്യാറാക്കി പൂര്‍ണ വിവരങ്ങള്‍ പോലിസ് ശേഖരിച്ചു വരികയാണ്. വരും നാളുകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്ക് കസ്റ്റഡിയില്‍ എടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വാട്‌സ്ആപ്പ് കൂട്ടായ്മകള്‍ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഗ്രൂപ്പുകളുടെ വിവരങ്ങളും അഡ്മിന്മാരുടെ വിവരങ്ങളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശേഖരിക്കും. ഇത്തരക്കാര്‍ക്കെതിരേ ഐടി ആക്റ്റ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് ഫോണ്‍ കസ്റ്റഡിയിലെടുക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ പോലിസ് നടപ്പാക്കിവരികയാണ്. പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള മെസേജുകള്‍ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്.
അതിനാല്‍ പൊതുജനങ്ങള്‍ വാട്‌സ്ആപ്പ് വഴി വരുന്ന തെറ്റായ മെസേജുകള്‍ പ്രചരിപ്പിക്കാനുള്ള പ്രവണതയില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു.

RELATED STORIES

Share it
Top