761 വില്ലേജുകളില്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചില്ല

നിഷാദ്   എം   ബഷീര്‍

കോട്ടയം: സംസ്ഥാനത്ത് റീസര്‍വേ ജോലികള്‍ ഇനി പൂര്‍ത്തീകരിക്കാനുള്ളത് 761 വില്ലേജുകളില്‍. ആകെയുള്ള 1,664 വില്ലേജുകളില്‍ 903 ഇടങ്ങളിലെ റീസര്‍വേ പൂര്‍ത്തിയാക്കി റിക്കാര്‍ഡുകള്‍ റവന്യൂ ഭരണത്തിനു കൈമാറി. സംസ്ഥാനത്തെ ഒരു ജില്ലയിലെയും റീസര്‍വേ നടപടികള്‍ ഇതുവരെ പൂര്‍ത്തീകരിക്കാനായിട്ടില്ലെന്ന് റവന്യൂ വകുപ്പിന്റെ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
തൃശൂര്‍, എറണാകുളം, മലപ്പുറം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളിലാണ് റീസര്‍വേ നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നത്. കാസര്‍കോട് 128 വില്ലേജുകളില്‍ 22 എണ്ണത്തില്‍ മാത്രമാണ് റീസര്‍വേ നടത്താനായത്. ഇനി 106 വില്ലേജുകളില്‍ റീസര്‍വേ പൂര്‍ത്തിയാക്കാനുണ്ട്. തൃശൂരില്‍ 255 വില്ലേജുകളില്‍ 184ലും പാലക്കാട് 157 വില്ലേജുകളില്‍ 42ലും എറണാകുളത്ത് 127 വില്ലേജുകളില്‍ 52ലും മലപ്പുറത്ത് 138 വില്ലേജുകളില്‍ 82ലും കോഴിക്കോട് 118 വില്ലേജുകളില്‍ 102ലും ഇടുക്കിയില്‍ 68 വില്ലേജുകളില്‍ 32ലും കണ്ണൂരില്‍ 132 വില്ലേജുകളില്‍ 74 വില്ലേജുകളിലുമാണ് ഇനി റീസര്‍വേ ചെയ്യാനുള്ളത്. മറ്റു ജില്ലകളിലെ റീസര്‍വേ പുരോഗമിക്കുന്ന വില്ലേജുകളുടെ വിവരങ്ങള്‍ ചുവടെ. ജില്ലയുടെ പേര്, ആകെ വില്ലേജുകള്‍, റീസര്‍വേ പൂര്‍ത്തിയാവാനുള്ളവ എന്നീ ക്രമത്തില്‍. തിരുവനന്തപുരം: 124-14, കൊല്ലം: 105-17, പത്തനംതിട്ട: 70-12, ആലപ്പുഴ: 93-17, കോട്ടയം: 100-14, വയനാട്: 49-13. റീസര്‍വേ പൂര്‍ത്തിയായ വില്ലേജുകളിലെ രേഖകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കിയാണ് സൂക്ഷിക്കുന്നത്. റീസര്‍വേ കഴിഞ്ഞ 903 വില്ലേജുകളില്‍ 832 സ്ഥലങ്ങളിലെ ഫീല്‍ഡ് മെഷര്‍മെന്റ് ബുക്കു(എഫ്എംബി)കളുടെ ഡിജിറ്റൈസേഷനാണു പൂര്‍ത്തിയായിട്ടുള്ളത്. ബാക്കി വില്ലേജുകളിലെ ജോലികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ത്തിവച്ച റീസര്‍വേ ജോലികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് പുനരാരംഭിക്കുന്നത്. വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് 2012ല്‍ റീസര്‍വേ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ഭൂവുടമകള്‍ ആവശ്യപ്പെട്ടാല്‍ മാത്രം റീസര്‍വേ നടത്തിയാല്‍ മതിയെന്നു കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു.
മൂന്നുവര്‍ഷംകൊണ്ട് മുഴുവന്‍ ജില്ലകളിലെയും റീസര്‍വേ പൂര്‍ത്തിയാക്കുമെന്നാണ് ഇപ്പോള്‍ റവന്യൂ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, ഉദ്യോഗസ്ഥരുടെ കുറവു മൂലം പല ജില്ലകളിലെയും റീസര്‍വേ നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. ലാന്‍ഡ് റിക്കാര്‍ഡ്‌സ് മെയിന്റനന്‍സുമായി ബന്ധപ്പെട്ട സര്‍വേ, പട്ടയ വിതരണത്തിനാവശ്യമായ സര്‍വേ, പുറമ്പോക്ക് റീഫിക്‌സിങുമായി ബന്ധപ്പെട്ട സര്‍വേ, സര്‍ക്കാരിന്റെ വിവിധ പ്രൊജക്റ്റുകള്‍ക്കാവശ്യമായ സര്‍വേ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് റീസര്‍വേയില്‍നിന്ന് ജീവനക്കാരെ നിയോഗിക്കുന്നത്.
ഭൂപരിപാലനവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന്റെ അദാലത്തിനായി പലപ്പോഴും റീസര്‍വേ നിര്‍ത്തിവച്ച് ജീവനക്കാരെ നിയോഗിക്കേണ്ട സാഹചര്യമുണ്ടാവുന്നതായി റവന്യൂ വകുപ്പ് വിശദീകരിക്കുന്നു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളുടെ സേവനം പ്രയോജനപ്പെടുത്തിയും സര്‍വേ സംബന്ധിച്ച് സാങ്കേതികപരിജ്ഞാനമുള്ളവരെയും സര്‍വേ സ്‌കൂളില്‍ നിന്ന് ട്രെയിനിങ് ലഭിച്ചവരെയും ഉള്‍പ്പെടുത്തിയും സര്‍വേ വകുപ്പിലെ നിലവിലെ ഉദ്യോഗസ്ഥരെക്കൊണ്ട് വാലിഡേഷന്‍ ജോലികള്‍ നടത്തിയും ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിക്കാനാണു സര്‍ക്കാര്‍ തീരുമാനം. 1961ലെ സര്‍വേ ബൗണ്ടറീസ് ആക്റ്റിന്റെയും 1964ല്‍ പുറപ്പെടുവിച്ച സര്‍വേ ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് റീസര്‍വേ ആരംഭിച്ചത്.

RELATED STORIES

Share it
Top