750 കുടുംബങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങി

ഈരാറ്റുപേട്ട: മുനിസിപ്പാലിറ്റിയിലെ ഏറ്റവും വലിയ ചെക്ക്ഡാം തുറന്നു വിട്ടതിനെ തുടര്‍ന്ന് നാലു കുടിവെള്ള പദ്ധതികള്‍ മുടങ്ങി. ചെക്ക്ഡാം നവീകരണത്തിനെന്നു  പറഞ്ഞ് ഈരാറ്റുപേട്ട മുക്കടവ് ചെക്ക്ഡാം തുറന്നു വിട്ടത് ജനകീയ കുടിവെള്ള പദ്ധതികള്‍ അവതാളത്തിലാക്കി.
ഇതോടെ 500 കുടുംബങ്ങളില്‍ പൂര്‍ണമായും 250 കുടുംബങ്ങളില്‍ ഭാഗികമായും വെള്ളം വിതരണം മുടങ്ങിയിരിക്കുയാണ്. ചെക്ക്ഡാം നവീകരണത്തിനായി പി സി ജോര്‍ജിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 38 ലക്ഷം രൂപാ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിനാണ് ചെക്ക്ഡാം മുഴുവനായും തുറന്നു വിട്ടത്.
വെള്ളം വിതരണത്തിനു താല്‍ക്കാലിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താതെയാണ് അധികൃതര്‍ വെള്ളം അഴിച്ചു വിടുന്നതിനു ധൃതി കാണിച്ചത്. എന്നാല്‍ 10 ദിവസമായിട്ടും ചെക്ക്ഡാമിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ആറ്റില്‍ സ്ഥാപിച്ചിട്ടുള്ള കിണറുകളില്‍ ഊറി വരുന്ന വെള്ളമാണ് ജനകീയ പദ്ധതികളും വാട്ടര്‍ അതേരിറ്റിയും പമ്പു ചെയ്യുന്നത്. നാട്ടിലെ ജല വിതരണം സുഗമമാക്കാനും കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും നേരിട്ടും ജനങ്ങള്‍ ഉപയോഗിക്കുന്ന വെള്ളം ഇല്ലാതായതോടെ വെള്ളം വാഹനങ്ങളില്‍ എത്തിച്ചു വില്‍ക്കുന്നവരില്‍ നിന്ന് വലിയ വില കൊടുത്താണു വെള്ളം വാങ്ങുന്നത്. വെള്ളം മുടങ്ങിയതോടെ നഗരത്തിലെ മൂന്നു പള്ളികള്‍ക്കും വെള്ളം പമ്പു ചെയ്യുന്നതിനു കഴിയാത്ത അവസ്ഥയായി. കടുത്ത വേനലില്‍ മാത്രമായിരുന്നു ആറ്റില്‍ വെള്ളം വറ്റി ജനങ്ങള്‍ വലഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ മഴ നില്‍ക്കുന്നതോടെ ഒഴുക്കില്ലാതെയാവും. ഈ പ്രശ്‌നം പരിഹരിക്കാനാണ് ചെക്ക്ഡാമുകള്‍ നിര്‍മിച്ചത്. എന്നാല്‍ അധികൃതരോ മീന്‍പിടുത്തക്കാരോ കുടിവെള്ള വില്‍പ്പന ലോബിയോ എല്ലാ വര്‍ഷവും വെള്ളം തുറന്നു വിടുന്നതു പതിവാണ്.
നല്ല നിലയില്‍ ചെക്ക്ഡാമിന്റെ ഷട്ടര്‍ നിര്‍മിച്ച് വെള്ളം ചോര്‍ന്നു പോവാത്ത വിധം സുരക്ഷിതമാക്കണെമെന്നു ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു താമസം നേരിടുന്ന പക്ഷം ചെക്ക് ഡാം അടച്ച് പ്രശ്‌നം പരിഹരിക്കണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമായിട്ടുണ്ട്.

RELATED STORIES

Share it
Top