75 കോടിയുടെ പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി: തടസ്സങ്ങള്‍ നീങ്ങി

പൊന്നാനി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പൊന്നാനിയിലെ സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാവുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു. ഉദ്ഘാടനം അടുത്ത മാസം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 2017ല്‍ കിഫ്ബി പദ്ധതിയില്‍ 75 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച് ടെണ്ടര്‍ നടപടികളിലെ പ്രശ്‌നങ്ങളില്‍ കുരുങ്ങി മുടങ്ങിക്കിടക്കുകയായിരുന്നു.
തര്‍ക്കം ഹൈക്കോടതിക്ക് മുന്നിലെത്തുകയും കോടതി നിര്‍ദേശപ്രകാരം സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു. നരിപ്പറമ്പ് പമ്പ് ഹൗസിനടുത്ത് 50 ദശലക്ഷം ലിറ്റര്‍ ജലം ദിനംപ്രതി ഭാരതപ്പുഴയില്‍ നിന്ന് സംഭരിച്ച് ശുദ്ധീകരിച്ച് പൊന്നാനി താലൂക്കില്‍ വിതരണം ചെയ്യുന്നതാണ് ഈ പദ്ധതി.
നിലവില്‍ 16 ദശലക്ഷം ലിറ്ററാണ് ഓരോ ദിവസവും താലൂക്കില്‍ വിതരണം ചെയ്യുന്നത്. ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയാണ് പൊന്നാനി നരിപ്പറമ്പിലേത്. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക.
മൂന്ന് ഘട്ടത്തിന്നും കൂടി 500 കോടി രൂപയാണ് കണക്കാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 14 മീറ്റര്‍ വ്യാസമുള്ള കിണര്‍, 1100 മില്ലിമീറ്റര്‍ വ്യാസമുള്ള പമ്പിംഗ് മെയിന്‍, 50 ദശലക്ഷം ലിറ്റര്‍ ശുദ്ധീകരണ ശേഷിയുള്ള ജലവിതരണശാല എന്നിവയാണ് നിര്‍മിക്കുക.
ഒന്നാംഘട്ടം പൂര്‍ത്തിയായാല്‍ നിലവിലെ ജലവിതരണ ശൃംഖലയില്‍ ശുദ്ധീകരിച്ച വെള്ളം നല്‍കാന്‍ കഴിയും. 2050ഓടെ ആറ് ലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ വിഭാവന ചെയ്യുന്നതാണ് പദ്ധതി. പൊന്നാനി താലൂക്കില്‍ മൂന്ന് പമ്പ് ഹൗസുകളാണുള്ളത്. പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ ഇത് ഒറ്റ പദ്ധതിയാക്കിച്ചുരുക്കാന്‍ സാധിക്കും. ഒന്നാംഘട്ടം തന്നെ മൂന്ന് പാക്കേജുകളാക്കി തരംതിരിച്ചാണ് നടപ്പാക്കുക. പാക്കേജ് ഒന്നിന് 50 കോടി രൂപയാണ് ചെലവ്. പാക്കേജ് ഒന്നിന്റെ ഭാഗമായി ആറ് കോടി രൂപയുടെ പൈപ്പ് ഇറക്കിയിട്ടുണ്ടെങ്കിലും പദ്ധതി വൈകുന്നതിനാല്‍ പൈപ്പ് തുരുമ്പെടുത്ത് നശിച്ചിരുന്നു. ജില്ലയിലെ പുരാതന തീരദേശ താലൂക്കായ പൊന്നാനിയില്‍ ശുദ്ധീകരിക്കാത്ത വെള്ളമാണ് ഒമ്പത് പഞ്ചായത്തുകളിലേക്കും പൊന്നാനി നഗരസഭയിലേക്കും നല്‍കി വരുന്നത്. ഏറെ പ്രതീക്ഷയോടെ ജനങ്ങള്‍ കാത്തിരിക്കുന്ന പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ പൊന്നാനി നഗരസഭയുള്‍പ്പെടെ 9 പഞ്ചായത്തുകളില്‍ ശുദ്ധജലം ലഭിക്കും.

RELATED STORIES

Share it
Top