739 പേരുടെ പട്ടികയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: തടവുശിക്ഷയില്‍ ഇളവു നല്‍കാന്‍ തയ്യാറാക്കിയ 739 പേരുടെ പട്ടികയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. രാഷ്ട്രീയ കൊലക്കേസുകളിലെ പ്രതികള്‍ക്ക് ഇളവു നല്‍കാന്‍ നീക്കമുണ്ടെന്നാരോപിച്ച് തൃശൂരിലെ പൊതു പ്രവര്‍ത്തകന്‍ പി ഡി ജോസഫ് നല്‍കിയ ഹരജിയെ തുടര്‍ന്നാണ് സര്‍ക്കാര്‍  അപേക്ഷ നല്‍കിയത്.
തടവുകാരില്‍ ശിക്ഷായിളവ് ലഭിക്കേണ്ടവരുടെ അപേക്ഷ പരിഗണിച്ച് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കണമെന്നും ഗവര്‍ണറുടെ തീരുമാനം അറിയിക്കണമെന്നും 2017 ജൂലായ് 17 ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ തടവുകാരെ വിട്ടയക്കാവൂ എന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് തയ്യാറാക്കിയ ലിസ്റ്റില്‍ 739 തടവുകാരാണ് ഉള്ളത്. ഇവരുടെ പേരുകള്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ശിക്ഷായിളവിന് അനുമതി നല്‍കണമെന്നുമാണ് സര്‍ക്കാരിന്റെ അപേക്ഷയിലെ ആവശ്യം.
ഹൈക്കോടതിയുടെ മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മന്ത്രി എ കെ ബാലന്‍ കണ്‍വീനറായ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. തടവുകാരുടെ പെരുമാറ്റം, കുടുംബങ്ങളുടെ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലം എന്നിവ പരിഗണിക്കാനും ഹീനമായ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവരെ വിട്ടയക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഉപസമിതി നിര്‍ദേശിച്ചു. രാഷ്ട്രീയ കൊലപാതക കേസുകളിലുള്‍പ്പെട്ടവരെ 14 വര്‍ഷത്തെ ശിക്ഷ കഴിയാതെ ഇളവിന് പരിഗണിക്കരുതെന്നും കുട്ടികളെ പീഡിപ്പിച്ച കേസുകളിലെ പ്രതികള്‍ക്ക് ഇളവു നല്‍കരുതെന്നും ഉപസമിതി ശുപാര്‍ശ ചെയ്തിരുന്നു.
നേരത്തെ ജയില്‍ ഡിജിപി തയ്യാറാക്കിയ ലിസ്റ്റിലെ 1264 തടവുകാരില്‍ 739 പേര്‍ മാത്രമാണ് ഇത്തരത്തില്‍ യോഗ്യരെന്ന് കണ്ടെത്തിയിട്ടുള്ളത്. ഇവരുടെ പേരുകളാണ് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളതെന്നും അപേക്ഷയില്‍ പറയുന്നു.
Next Story

RELATED STORIES

Share it