kasaragod local

73 കോടിയുടെ ശുദ്ധജല വിതരണ പദ്ധതി നിര്‍മാണം തുടങ്ങി

കാസര്‍കോട്്: നഗരസഭയിലേയും ചെമനാട് പഞ്ചായത്തിലേയും കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡില്‍ (കിഫ്ബി) ഉള്‍പ്പെടുത്തി 73 കോടിയുടെ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി. ആദ്യ ഘട്ടത്തില്‍ കാസര്‍കോട് നഗരസഭയിലെ കുടിവെള്ള പ്രശ്‌നമാണ് പരിഹരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ ചെമനാട് പഞ്ചായത്തിലേക്ക് കുടിവെള്ളം എത്തിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കേരള വാട്ടര്‍ അതോറിറ്റിയുടെ ബാവിക്കര പമ്പിങ് സ്റ്റേഷനില്‍ നിന്നുള്ള ശുദ്ധജലം വിദ്യാനഗറിലെ ആസ്ഥാനത്തെത്തിച്ച് ശുദ്ധീകരിച്ച് കാസര്‍കോട് ഗസ്റ്റ് ഹൗസിന് സമീപത്ത് നിര്‍മിക്കുന്ന 20 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കുന്ന ടാങ്കിലെത്തിക്കും. ഇതിന് പ്രത്യേക പൈപ്പ് ലൈനും സ്ഥാപിക്കും. ഇവിടെ നിന്ന് പൈപ്പ് ലൈന്‍വഴി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലേക്ക് എത്തിക്കാനാണ് തീരുമാനം. പദ്ധതി തുടങ്ങുന്നതിനായി കാസര്‍കോട് ഗസ്റ്റ് ഹൗസിന് മുന്‍വശത്തെ മുനിസിപ്പല്‍ പാര്‍ക്കില്‍ 10 സെന്റ് സ്ഥലം നഗരസഭ വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ രണ്ടാംഘട്ടമായി ചെമനാട് പഞ്ചായത്തിലേക്ക് പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യാനാണ് ലക്ഷ്യം. ബാവിക്കര ശുദ്ധജല വിതരണ പദ്ധതിക്ക് ക്രോസ്ബാര്‍ കം ബ്രിഡ്ജ് നിര്‍മിക്കാന്‍ 27 കോടിയുടെ ടെന്‍ഡറിന് അംഗീകാരം നല്‍കി. ആലൂര്‍ മുനമ്പിലാണ് ക്രോസ്ബാര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നത്. പയസ്വിനി, കരിച്ചേരി പുഴകള്‍ സംഗമിക്കുന്ന സ്ഥലത്താണ് ക്രോസ്ബാര്‍ കം ബ്രിഡ്ജ്. വേനല്‍കാലത്ത് പുഴയില്‍ ഉപ്പുവെള്ളം കയറുന്നതിനാല്‍ ബാവിക്കര വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്നത് ഉപ്പുവെള്ളമാണ്. ഇതിന് പരിഹാരമായാണ് ക്രോസ്ബാര്‍ കം ബ്രിഡ്ജ് നിര്‍മിക്കാന്‍ 1996ല്‍ തീരുമാനിച്ചത്. എന്നാല്‍ പദ്ധതിക്ക് തറക്കല്ലിട്ട് ആദ്യഘട്ടത്തില്‍ മൂന്ന് കോടി യുടെ ടെന്‍ഡര്‍ വിളിച്ചിരുന്നുവെങ്കിലും കരാറുകാരന്‍ പാതിവഴിയില്‍ നിര്‍മാണം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വിവിധ ഘട്ടങ്ങളില്‍ ഇതിന്റെ ടെന്‍ഡര്‍ പലരും ഏറ്റെടുത്ത് നടത്തിയെങ്കിലും നിര്‍മാണം പൂര്‍ത്തീകരിച്ചില്ല. 1996ലെ മൂന്ന് കോടിയാണ് ഇപ്പോള്‍ 27 കോടിയായി ഉയര്‍ന്നത്. ഈ വര്‍ഷം തന്നെ ക്രോസ്ബാര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം ആരംഭിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. വേനല്‍കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ചെങ്കള, മുളിയാര്‍, കാസര്‍കോട് നഗരസഭ, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകളിലെ പ്രതിസന്ധി പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ബാവിക്കര നുസ്രത്ത് നഗറില്‍ കോടികളുടെ പുതിയ ടാങ്ക് നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ചെര്‍ക്കള വരെ പൈപ്പ് ലൈന്‍മാറ്റിയിട്ടുണ്ടെങ്കിലും ചെര്‍ക്കള മുതല്‍ വിദ്യാനഗര്‍ വരേയുള്ള ദേശീയപാതയോരത്ത് പൈപ്പ് സ്ഥാപിക്കാന്‍ അനുമതി ലഭിച്ചിട്ടില്ല. ദേശീയപാത അതോറിറ്റി പ്പൈ് സ്ഥാപിക്കുന്നതിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് കോടികളുടെ പൈപ്പ് ഇപ്പോഴും ദേശീയപാതക്കരികില്‍ കൂട്ടിയിട്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it