71 യാത്രക്കാരുമായി റഷ്യന്‍ വിമാനം തകര്‍ന്നുവീണു

മോസ്‌കോ: 71 യാത്രക്കാരുമായി പറന്നുയര്‍ന്ന റഷ്യന്‍ യാത്രാവിമാനം തകര്‍ന്നുവീണു. പ്രാദേശികസമയം രാവിലെ 11.22ന് തലസ്ഥാനമായ മോസ്‌കോയിലെ ദോമോദിദോവ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയായിരുന്നു അപകടം. മോസ്‌കോയില്‍ നിന്ന് 50 മൈല്‍ അകലെ അര്‍ഗുനോവോ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ 65 യാത്രക്കാരും ആറു ജീവനക്കാരും ഉണ്ടായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. 71 പേരും കൊല്ലപ്പെട്ടതായാണു വിവരം. ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന സരാട്ടോവ് എയര്‍ലൈന്‍സിന്റെ ആന്റണോവ് എഎന്‍ 148 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റഷ്യ-കസാക്കിസ്താന്‍ അതിര്‍ത്തിക്ക് സമീപമുള്ള ഉറല്‍സിലെ ഓര്‍ക്‌സ് നഗരത്തിലേക്ക് പോവുകയായിരുന്നു വിമാനം. ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് അടിയന്തര സേവന വിഭാഗം ഉദ്യോഗസ്ഥര്‍ ടാസ് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു.  വിമാനാവശിഷ്ടങ്ങള്‍ വലിയ പ്രദേശത്ത് ചിതറിക്കിടക്കുകയാണ്. അപകടസ്ഥലത്തുണ്ടായിരുന്ന ആര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.വിമാനത്താവളത്തില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോള്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. അവസാനമായി ലഭിച്ച സിഗ്‌നല്‍പ്രകാരം വിമാനം 6200 അടി ഉയരത്തില്‍ നിന്ന് 3200 അടിയിലേക്ക് പതിക്കുകയായിരുന്നു. വിമാനത്തിന്റെ എന്‍ജിനുകളിലൊന്ന് അപകടത്തിനു മുമ്പ് പൊട്ടിത്തെറിച്ചതായി റിപോര്‍ട്ടുണ്ട്. ആറു കൊല്ലം പഴക്കമുള്ള ഈ വിമാനത്തിന്റെ നിര്‍മാതാക്കള്‍ ഉക്രേനിയന്‍ കമ്പനിയാണ്. എന്നാല്‍ വിമാനത്തിന് സാങ്കേതികത്തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മഞ്ഞുമൂടിയ വനത്തിനു നടുവിലാണ് വിമാനം തകര്‍ന്നുവീണത്. 150ലേറെ രക്ഷാപ്രവര്‍ത്തകരെ അപകടസ്ഥലത്തേക്കു നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ മഞ്ഞുവീഴ്ച കാരണം റോഡ്മാര്‍ഗം ഇവിടേക്ക് എത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ അനുശോചിച്ചു. റഷ്യന്‍ ഗതാഗതമന്ത്രി അപകടസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്.അതേസമയം, രാജ്യത്തെ തപാല്‍ സേവനമായ റഷ്യന്‍ പോസ്റ്റിന്റെ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അപകടമെന്നു റിപോര്‍ട്ടുകളുണ്ട്. പഴകിയ വിമാനങ്ങള്‍ സേവനത്തിന് ഉപയോഗിക്കുന്ന റഷ്യയില്‍ വിമാനാപകടങ്ങള്‍ അസാധാരണമല്ല. ഇപ്പോള്‍ അപകടത്തില്‍പ്പെട്ട വിമാനക്കമ്പനിയായ സരാട്ടോവിനെ കോക്പിറ്റില്‍ ഫ്‌ളൈറ്റ് ക്രൂവിനെ കൂടാതെ മറ്റൊരാളെ പ്രവേശിപ്പിച്ചതിന് 2015ല്‍ രാജ്യാന്തര സര്‍വീസുകളില്‍ നിന്ന് റഷ്യ വിലക്കിയിരുന്നു.

RELATED STORIES

Share it
Top