70 ശതമാനം പ്രദേശങ്ങളിലും താലിബാന്‍ സജീവം

വാഷിങ്ണ്‍: അഫ്ഗാന്‍ മണ്ണില്‍നിന്നു താലിബാനെ ഇല്ലാതാക്കാന്‍ യുഎസ് കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചിട്ടും രാജ്യത്തിന്റെ 70 ശതമാനത്തോളം പ്രദേശങ്ങളിലും അവര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപോര്‍ട്ട്. രാജ്യത്തിന്റെ നാലു ശതമാനം ഭാഗങ്ങള്‍ പൂര്‍ണമായും താലിബാന്റെ നിയന്ത്രണത്തിലാണെന്നും 66 ശതമാനം ഭാഗങ്ങളില്‍ സംഘത്തിന് ശക്തമായ സാന്നിധ്യമുണ്ടെന്നും ബിബിസി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ 399 പ്രദേശങ്ങളില്‍ നിന്നുള്ള 1200 പേരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയതെന്നും ബിബിസി അറിയിച്ചു. നാറ്റോ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപോര്‍ട്ടിലുള്ളതിനെക്കാള്‍ കൂടുതല്‍ പ്രദേശങ്ങള്‍ താലിബാന്റെ നിയന്ത്രണത്തിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 44 ശതമാനം ഭാഗങ്ങളും താലിബാന്‍ നിയന്ത്രണത്തിലോ ശക്തമായ സ്വാധീനത്തിലോ ആണെന്നായിരുന്നു ചെവ്വാഴ്ച നാറ്റോ സഖ്യം പുറത്തുവിട്ട റിപോര്‍ട്ട്്.എന്നാല്‍, 122 ജില്ലകള്‍ മാത്രമാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതെന്നാണ് ബിബിസിയുടെ കണ്ടെത്തല്‍.   യാത്രകളില്‍ ജനങ്ങള്‍ ഇരു വിഭാഗത്തിന്റെയും പരിശോധനയ്ക്കിരയാവുന്നതായും ബിബിസി കണ്ടെത്തി. അഫ്ഗാന്‍ ജനസംഖ്യയുടെ പകുതിയിലധികവും ജീവിക്കുന്നത് താലിബാന്‍ നിയന്ത്രണത്തിലുള്ളതോ  സ്വാധീനമുള്ളതോ ആയ പ്രദേശങ്ങളിലാണ്. 15 ശതമാനം ജില്ലകളില്‍ ആഴ്ചയില്‍ രണ്ടു തവണ താലിബാന്‍ ആക്രമണം നടത്തുന്നുണ്ട്. സര്‍ക്കാറിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള 30 ശതമാനം ഭാഗങ്ങളിലും എപ്പോള്‍ വേണമെങ്കിലും താലിബാന്‍ ആക്രമണം ഉണ്ടാവാമെന്നും റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം, ബിബിസി റിപോര്‍ട്ട് നിഷേധിച്ച അഫ്ഗാന്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രദേശങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അറിയിച്ചു.

RELATED STORIES

Share it
Top