7.50 കോടി രൂപ അപഹരിച്ച കേസ് : നാലുപേര്‍ അറസ്റ്റില്‍ഇരിട്ടി: ബാങ്കിലേക്കു കൊണ്ടുപോവുകയായിരുന്ന 7.50 കോടി രൂപ അപഹരിച്ച സംഭവത്തില്‍ നാലുപേര്‍ സോമവാര്‍പേട്ടയില്‍ അറസ്റ്റില്‍. എടിഎമ്മില്‍ പണം നിറയ്ക്കാന്‍ കരാറെടുത്ത സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരായ സോമവാര്‍പേട്ടയ്ക്കടുത്ത കുംഭാരഗഡികെ സ്വദേശികളായ ടി എ കാശിയപ്പ, ടി വി കുവയ്യ, വാന്‍ ഡ്രൈവര്‍ കരിബസപ്പ, പരശുറാംസാഹു എന്നിവരെയാണ് മംഗളൂരു പോലിസ്് ചീഫ് വലന്റെന്‍ ഡിസൂസയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്തത്. മോഷണത്തില്‍ മൂന്നുപേര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലിസ് പറഞ്ഞു. ഈമാസം 12നായിരുന്നു കേസിനാസ്പദമായ സംഭവം. മംഗളൂരു ആക്‌സിസ് ബാങ്കിന്റെ യയ്യാടി ശാഖയില്‍ നിന്നും കോറമംഗലത്തെ ബാങ്കിന്റെ ശാഖയിലേക്കു പണവുമായി പുറപ്പെട്ട വാഹനം എത്താത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു വാഹനം വഴിയില്‍ ഉപേക്ഷിച്ച് പണം അപഹരിച്ചതായി മനസ്സിലായത്. തുടര്‍ന്ന് ഏജന്‍സിയുടെ മാനേജര്‍ മംഗളൂരു കക്കനാടി പോലിസ് സ്റ്റേഷനില്‍ പരാതിനല്‍കി. പോലിസ് പ്രതികളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒളിവില്‍ കഴിഞ്ഞ പ്രതികളുടെ ഗ്രാമം നാലുദിവസം നിരീക്ഷിച്ച ശേഷമാണ് ഇവരെ വലയിലാക്കിയത്്. സോമവാര്‍പേട്ട ഐബിയില്‍ വച്ച് ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുടെ വീട് റെയ്ഡ് നടത്തി 6.70 കോടി രൂപ കണ്ടെടുത്തു. ബാക്കി പണം ഒളിവില്‍ കഴിയുന്നവരില്‍ ഉണ്ടെന്നാണു പിടിയിലായവര്‍ നല്‍കിയ മൊഴി. ഹുന്‍സൂര്‍ റോഡിലെ കല്ലഹള്ളിയില്‍ വിജനമായ സ്ഥലത്തുനിന്നാണു വാഹനം കണ്ടെത്തിയത്.

RELATED STORIES

Share it
Top