66 വ്യവസായ യൂനിറ്റുകള്‍ക്കായി മൂന്നുകോടി നല്‍കിആലപ്പുഴ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംരംഭകത്വ  സഹായ പദ്ധതി പ്രകാരം 66 വ്യവസായ യൂനിറ്റുകള്‍ക്കായി സ്ഥിര മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപ സഹായ ആനുകൂല്യമായി മൂന്നു കോടി രൂപ അനുവദിച്ചതായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എന്‍ കൃഷ്ണകുമാര്‍. ഇടതു പക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് പുറത്തിറക്കിയ പ്രത്യേക പത്രക്കുറിപ്പിലാണിക്കാര്യം വ്യക്തമാക്കിയത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന വര്‍ഷം ജില്ലയില്‍ പുതുതതായി 1,063 തൊഴില്‍ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടു. 25 ലക്ഷത്തിനു മുകളില്‍ നിക്ഷേപമുള്ള 53 വ്യവസായ സ്ഥാപനങ്ങള്‍ തുറന്നതു വഴി 989 പേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്. ഇന്‍വസ്റ്റേഴ്‌സ് മീറ്റ്, ടെക്‌നോളജി ക്ലിനിക്  തുടങ്ങിയ ശേഷി വികസന പദ്ധതികള്‍ നടത്തുന്നതിനായി 6.98 ലക്ഷം രുപ ചെലവഴിച്ചു. രണ്ടായിരത്തോളം പേരാണ് വിവിധ പരിശീലനങ്ങളില്‍ പങ്കെടുക്കുന്നത്. വിദ്യാര്‍ഥികളില്‍ സംരഭകത്വ സംസ്‌കാരം വളര്‍ത്തുന്നതിനായി 39 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇഡി ക്ലബ്ബുകള്‍ക്ക് 6,000 രൂപ വീതം 2.34 ലക്ഷം രൂപ ഗ്രാന്റായി നല്‍കി. യുവജനങ്ങള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാനായി 25 യുവസംരംഭകരെ തിരഞ്ഞെടുത്ത് 2.5 ലക്ഷം ചെലവില്‍ 20 ദിവസത്തെ സാങ്കേതികത്വ വികസന പരിശീലനം നല്കുന്നതിന് നടപടി പൂര്‍ത്തിയായി കഴിഞ്ഞു. തൊഴില്‍ സംരംഭകര്‍ക്ക് ആവശ്യമായി മാര്‍ഗ നിര്‍ദേശവും സാങ്കേതിക സഹായവും പ്രായോഗിക പദ്ധതി സംബന്ധിച്ച വിവരങ്ങളും നല്‍കുന്നതിനായി ജില്ലാ വ്യവസായത്തില്‍ മൂന്നു ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച മിനി ഇന്‍കുബേഷന്‍ കേന്ദ്രം നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ചെട്ടികുളങ്ങരയിലെ വ്യവസായ പ്രദര്‍ശന വിപണനമേളയില്‍ 55 ചെറുകിട യൂനിറ്റുകളുടെ ഉല്‍പന്നങ്ങള്‍ വിപണയിലെത്തിച്ചു. കാല്‍ ലക്ഷത്തോളം പേര്‍ സന്ദര്‍ശിച്ച മേളയിലൂടെ 4.05 ലക്ഷം രൂപയുടെ നേട്ടങ്ങളുണ്ടാക്കാനായി.പുന്നപ്ര വ്യവസായ വികസന പ്ലോട്ടില്‍ നിര്‍മിക്കുന്ന വ്യവസായ സമുച്ചയം 'ഗാല'യുടെ നിര്‍മാണം പുരോഗമിക്കുന്നു. 12.65 കോടി രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. കിറ്റ്‌കോയാണ് നിര്‍മാതാക്കാള്‍. ജില്ലയിലെ വ്യവസായ വികസന പ്രദേശങ്ങളിലെ 1.535 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിനായി 1.27 കോടി രൂപയാണ് അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top