66ാമതു ദേശീയ വോളി ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ഇന്ന്‌

കോഴിക്കോട്: കോഴിക്കോടു വോളി സ്മാഷുകളുടെ ആരവങ്ങളിലേക്ക്. 66ാമതു ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പിനെ വരവേല്‍ക്കാന്‍ നഗരം ഒരുങ്ങിക്കഴിഞ്ഞു. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും സ്വപ്‌നനഗരിയിലെ ട്രേഡ് സെന്റര്‍ സ്‌റ്റേഡിയത്തിലുമായാണ് കളികള്‍ നടക്കുക. മല്‍സരങ്ങള്‍ നാളെ മുതലാണ് ആരംഭിക്കുന്നത്. ഔപചാരിക ഉദ്ഘാടനം ഇന്നു വൈകീട്ട് അഞ്ചിന് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് വൈകീട്ട് നാലിന് നഗരത്തില്‍ ഘോഷയാത്ര നടക്കും. തുടര്‍ന്നാണ് ഉദ്ഘാടന സമ്മേളനം നടക്കുക.
ഈ മാസം 28 വരെ നീണ്ടുനില്‍ക്കുന്ന ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ കേരളം കിരീടം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തിനു ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടു സര്‍വീസസും പഞ്ചാബും രാജസ്ഥാനുമുണ്ട്.
മലയാളി താരങ്ങളുടെ മികവിലാണു സര്‍വീസസ് ടീം എത്തിയത്. സെക്കന്തരാബാദില്‍ നിന്ന് ഇന്നലെ വൈകീട്ടോടെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ടീമില്‍ ഏഴു മലയാളികളുണ്ട്. രമേശ് ടീമിന്റെ മുഖ്യ പരിശീലകനും വടകരക്കാരന്‍ ശ്രീജിത്ത് സഹപരിശീലകനുമാണ്. ഫെഡറേഷന്‍ കപ്പ് ജേതാക്കളായതിന്റെ ആത്മവിശ്വാസത്തിലാണു ടീം കളിക്കാനിറങ്ങുന്നത്. തമിഴ്‌നാടും റെയില്‍വേയും ഹിമാചലും ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് സര്‍വീസസിന്റെ മല്‍സരങ്ങള്‍.
സ്വന്തം നാട്ടില്‍ കളിക്കുന്നതില്‍ സന്തോഷിക്കുകയാണു ടീമിലെ മലയാളി താരങ്ങള്‍. കണ്ണൂര്‍ സ്വദേശി ബിനീഷ് ഗോവിന്ദന്‍, കോഴിക്കോട്ടുകാരന്‍ സാബിത്ത്, ഇടുക്കി സ്വദേശി മനു കെ കുര്യന്‍, കോട്ടയം സ്വദേശി നിയാസ്, തൃശൂരുകാരന്‍ കിരണ്‍രാജ് എന്നിവരാണു ടീമിലെ പ്രതീക്ഷ. തമിഴ്‌നാട്ടുകാരനാണെങ്കിലും ദീര്‍ഘകാലമായി കേരളത്തിലുള്ള ശിവരാജനും ടീമില്‍ അംഗമാണ്.  ഇന്ത്യന്‍ ജൂനീയര്‍ താരമാണു നിയാസ്. സീനിയര്‍ താരമായ പങ്കജ് ശര്‍മയാണു ടീമിലെ ശക്തമായ താരം.
നീണ്ട 16 വര്‍ഷങ്ങള്‍ക്കു ശേഷമാണു കേരളം വീണ്ടും ഒരു സീനിയര്‍ നാഷനല്‍ വോളിേബാള്‍ ചാംപ്യന്‍ഷിപ്പിന് വേദിയാവുന്നത്. 28 പുരുഷ ടീമുകളും 25 വനിതാ ടീമുകളുമാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കളികള്‍ ഉച്ചവരെ സൗജന്യമായിരിക്കും. ചാംപ്യന്‍ഷിപ്പിനോട് അനുബന്ധിച്ച് ഇന്ത്യക്ക് വേണ്ടി കളിച്ച കേരളത്തിലെ സീനിയര്‍ കളിക്കാരെ ആദരിക്കും. ഇതേ കളിക്കാര്‍ക്ക് ടൂര്‍ണമെന്റുകള്‍ കാണാന്‍ പ്രിവിലേജ്ഡ് കാര്‍ഡ് നല്‍കും. കാലിക്കറ്റ് ട്രേഡ് സെന്ററില്‍ 10000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയാണ് ഒരുക്കിയിരിക്കുന്നത്. 1000 പേര്‍ക്ക് വിഐപി ഡോണര്‍ പാസ് നല്‍കും.
ചാംപ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച കെ സി ഏലമ്മയുടെ നേതൃത്വത്തിലുള്ള ദീപശിഖാ പ്രയാണം കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ സന്ദര്‍ശന ശേഷം ഇന്ന് സ്വപ്‌നനഗരിയില്‍ സമാപിക്കും. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ ടീമുകള്‍ക്ക് ഉജ്ജ്വല സ്വീകരണമാണു സംഘാടകര്‍ ഒരുക്കിയത്. എം മെഹബൂബ്, ജനറല്‍ കണ്‍വീനര്‍ നാലകത്ത് ബഷീര്‍ എന്നിവര്‍ ചേര്‍ന്നു ടീം അംഗങ്ങളെ സ്വീകരിച്ചു.
Next Story

RELATED STORIES

Share it