65 വയസ്സിനു മുകളിലുള്ള അഞ്ചാം തവണക്കാര്‍ക്ക് അവസരം നല്‍കണം

ന്യൂഡല്‍ഹി: തുടര്‍ച്ചയായി നാലു വര്‍ഷം അപേക്ഷിച്ചിട്ടും ഹജ്ജിന് അവസരം ലഭിക്കാതെ ഇക്കുറി വീണ്ടും അപേക്ഷിച്ച 65 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഈ വര്‍ഷം തന്നെ അവസരം നല്‍കണമെന്ന് സുപ്രിംകോടതി. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഹജ്ജ്‌നയം ചോദ്യം ചെയ്ത് സംസ്ഥാന ഹജ്ജ് കമ്മിറ്റി നല്‍കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
സൗദിഅറേബ്യ ഈ വര്‍ഷം അധികമായി നല്‍കിയ 5,000 സീറ്റുകളില്‍  65ന് മുകളിലുള്ള അഞ്ചാംവര്‍ഷക്കാരായ 1,965 പേരെയും നറുക്കെടുപ്പില്ലാതെ ഉള്‍പ്പെടുത്തണമെന്ന് ഉത്തരവില്‍ പറയുന്നു. 5,000 സീറ്റില്‍ ബാക്കിയുള്ള 3,035 സീറ്റുകള്‍ കൂടുതല്‍ തവണ അപേക്ഷിച്ച മറ്റുള്ളവര്‍ക്ക് വീതിച്ചുനല്‍കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
65നും 69നും ഇടയ്ക്കു പ്രായമുള്ള അഞ്ചാം വര്‍ഷക്കാര്‍ക്കാണ് ഇന്നലത്തെ ഉത്തരവിലൂടെ അവസരം ലഭിക്കുക. 70നു മുകളില്‍ പ്രായമുള്ളവര്‍ക്ക് നറുക്കെടുപ്പില്ലാതെ നേരത്തേ തന്നെ അനുമതി ലഭിച്ചിരുന്നു. 65നു മുകളിലുള്ളവരെ മാത്രം പരിഗണിക്കുമ്പോള്‍, ഒരേ കവര്‍ നമ്പറില്‍ 65നു മുകളിലുള്ളവരും താഴെയുള്ളവരും ഉണ്ടെങ്കില്‍ ഇത്തരക്കാരെ പരിഗണിക്കുമോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് സുപ്രിംകോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
കരിപ്പൂര്‍ വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രമാക്കണമെന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ ആവശ്യം കോടതി തള്ളി. എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരായാലും നെടുമ്പാശ്ശേരി ആണെങ്കിലും വലിയ വ്യത്യാസമില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. കേസ് ജൂലൈ പത്തിന് വീണ്ടും പരിഗണിക്കും.



ഛത്തീസ്ഗഡില്‍ മാവോവാദി
ആക്രമണം; 9 ജവാന്മാര്‍ കൊല്ലപ്പെട്ടുറായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോവാദികള്‍ സ്ഥാപിച്ച കുഴിബോംബുകള്‍ പൊട്ടിത്തെറിച്ച് ഒമ്പതു സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. കുഴിബോംബില്‍ നിന്ന് സംരക്ഷണം നല്‍കുന്ന വാഹനത്തില്‍ സഞ്ചരിച്ചവരാണ് സ്‌ഫോടനത്തിനിരയായത്. ഒളിപ്പിച്ചുവച്ച ഒട്ടേറെ കുഴിബോംബുകള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടു ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ റായ്പൂരിലേക്ക് കൊണ്ടുപോയി.
സിആര്‍പിഎഫിന്റെ 212ാമത് ബറ്റാലിയനിലെ സൈനികരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഇതേ ജവാന്മാരും മാവോവാദികളും ഏറ്റുമുട്ടിയിരുന്നതായി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 11ന് സുക്മ ജില്ലയില്‍ മാവോവാദികളുടെ ഒളിയാക്രമണത്തില്‍ 12 ജവാന്മാര്‍ മരിച്ചിരുന്നു. ജവാന്മാരുടെ ആയുധങ്ങള്‍ മാവോവാദികള്‍ കവരുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 24നുണ്ടായ ഒളിയാക്രമണത്തില്‍ 25 ജവാന്മാരും കൊല്ലപ്പെട്ടിരുന്നു.

RELATED STORIES

Share it
Top