65നും 69നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഹജ്ജിന് അവസരം; വ്യക്തത തേടി ഹജ്ജ് കമ്മിറ്റി സുപ്രിംകോടതിയിലേക്ക്

കരിപ്പൂര്‍/കൊണ്ടോട്ടി: അഞ്ചാം വര്‍ഷക്കാരായ 65നും 69നും ഇടയില്‍ പ്രായമുളളവര്‍ക്കു ഹജ്ജിന് അവസരം നല്‍കിയ ഉത്തരവില്‍ കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതിയെ വീണ്ടും സമീപിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി തീരുമാനിച്ചു.
65നും 69നും ഇടയില്‍ പ്രായമുള്ളവരിലെ കവര്‍ നമ്പറില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കു കൂടി അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണു ഹജ്ജ് കമ്മറ്റി സുപ്രിംകോടതിയെ സമീപിക്കുക. അഞ്ചാം വര്‍ഷക്കാരില്‍ 65നും 69നും ഇടയില്‍ പ്രായമുള്ള 1102 പേര്‍ക്കാണ് കേരളത്തില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചിരുന്നത്. ഇവരില്‍ 292 പേര്‍ മാത്രമാണ് പാസ്‌പോര്‍ട്ട് അടക്കമുളള രേഖകള്‍ സമര്‍പ്പിച്ചത്. ആയതിനാല്‍ പ്രായപരിധിയില്‍ ഇളവുവരുത്തി കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കാനാണ് തീരുമാനം.
ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപ് നെടുമ്പാശ്ശേരി വിമാനത്താവളത്തോട് ചേര്‍ന്ന് നടത്താന്‍ ഹജ്ജ് കമ്മിറ്റിക്ക് കൊച്ചിന്‍ ഇന്റര്‍ നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി (സിയാല്‍)ന്റെ അനുമതി ലഭിച്ചതായി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മെയിന്റസ് ഹാങറിലായിരുന്നു ഹജ്ജ് ക്യാംപ് നടത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഇവിടെ സൗകര്യമില്ലാത്തതിനാല്‍ വിമാനത്താവളത്തിന് എട്ടു കിലോമീറ്റര്‍ അകലെ ആലുവ മാറംപള്ളിയിലേക്കു മാറ്റിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഹജ്ജ്കാര്യ മന്ത്രി ഡോ. കെ ടി ജലീല്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, സിയാല്‍ എംഡി വി ജെ കുര്യന്‍, സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷബീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണു ക്യംപ് നെടുമ്പാശ്ശേരിയില്‍ തന്നെ നടത്താന്‍ തീരുമാനം കൈക്കൊണ്ടത്.
850 പേര്‍ക്ക് താമസിക്കാവുന്ന സിയാലിന്റെ അക്കാദമിക് കേന്ദ്രത്തിലാണ് ഹജ്ജ് ക്യാംപ് നടത്തുക. നമസ്‌കരിക്കാനും ഒരുമിച്ചു കൂടാനുമായി ഇവിടെ പ്രത്യേക പന്തല്‍ നിര്‍മിക്കും. കഴിഞ്ഞ വര്‍ഷത്തെ ബാത്ത്‌റൂമുകളും ഈ വര്‍ഷം സിയാല്‍ വിട്ടുനല്‍കും. ഇവിടേക്കുളള വഴി പ്രത്യേകം ഒരുക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. സംസ്ഥാനത്തു നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂലൈ 29നാണ് ആരംഭിക്കുക. ഹജ്ജ് ക്യാംപ് ജൂലൈ 28ന് ആരംഭിക്കും.
അതേസമയം, ഹജ്ജ് വേളയില്‍ സഹായിക്കുന്നതിനുള്ള വോളന്റിയര്‍ നിയമനത്തെ ചൊല്ലി ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ചൂടേറിയ ചര്‍ച്ച. ഹജ്ജ് കമ്മിറ്റി അംഗം എ കെ അബ്ദുര്‍റഹ്മാനാണു നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്. വോളന്റിയര്‍ മാരെ നിയമിക്കുന്നതിനുള്ള അധികാരം ഹജ്ജ് കമ്മിറ്റിക്കായിരിക്കെ ചെയര്‍മാന്‍ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചതടക്കം യോഗത്തില്‍ വാദം ഉയര്‍ന്നു. വോളന്റിയര്‍ പട്ടികയില്‍ ഹജ്ജ്ഹൗസിലെ നാലു പേരാണ് ഉള്‍പ്പെട്ടതെന്നതും ചോദ്യംചെയ്യപ്പെട്ടു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച അസി. സെക്രട്ടറി ഉള്‍പ്പെടെ നാലുപേര്‍ സൗദിയിലേക്ക് പോയാല്‍ ഹജ്ജ് ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവുമെന്നും ആക്ഷേപം ഉയര്‍ന്നു.
നിലവില്‍ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ച അംഗമാണ് എ കെ അബ്ദുര്‍റഹ്മാന്‍.  അടുത്ത വര്‍ഷം മുതല്‍ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ നിയമനം നടത്തുകയുളളൂവെന്നു ചെയര്‍മാന്‍ ഉറപ്പുനല്‍കിയതോടെയാണു വിഷയം അവസാനിച്ചത്.

RELATED STORIES

Share it
Top