62 ലക്ഷം മുടക്കി നിര്‍മിച്ച റോഡ് പൊളിഞ്ഞു; മന്ത്രിക്ക് പരാതി നല്‍കി

കടമ്പനാട്: നിര്‍മാണം കഴിഞ്ഞ് ഒരുമാസം തികയുംമുമ്പ് റോഡ് പൊളിഞ്ഞ് ഇളകി. ടാറിങ്ങില്‍ വന്‍ അഴിമതി ആരോപിച്ച് നാട്ടുകാര്‍ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി. ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്, പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളെ ബന്ധിപ്പിച്ച് കടന്നു പോകുന്ന കുണ്ടോം വെട്ടത്ത് മലനട ഗണേശവിലാസം അടയപ്പാട് റോഡാണ് 62 ലക്ഷത്തിന് പുതുക്കി നിര്‍മിച്ചത്. വെറും ഒരുകിലോ മീറ്റര്‍ മാത്രമാണ് ടാറിങ് നടത്തിയത്. ഈ റോഡിലൂടെ കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം തടി ലോറി കടന്നു പോയതോടെ റോഡിന്റെ ഒരു ഭാഗം ഭൂമിയിലേക്ക് താഴ്ന്നു. സംരക്ഷണ ഭിത്തി, ഓടകള്‍, കലുങ്ക്, റോഡ് നിരപ്പാക്കല്‍ തുടങ്ങി എല്ലാ പദ്ധതികള്‍ക്കും ചേര്‍ത്താണ് 62 ലക്ഷം രൂപ അനുവദിച്ചത്. എന്നാല്‍ നടന്നത് ടാറിങ് മാത്രം. അതാകട്ടെ നിശ്ചിത അളവില്‍ ടാറോ മെറ്റിലോ ചേര്‍ക്കാതെയാണെന്ന് ആക്ഷേപമുണ്ട്. റോഡിന്റെ വീഡിയോയും ചിത്രങ്ങളും സഹിതം നാട്ടുകാര്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് പരാതി നല്‍കിയിരുന്നു.  ഉടനടി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുവാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം റോഡ് നിര്‍മാണത്തില്‍ അപാകതയില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് എ ആര്‍ അജീഷ്‌കുമാര്‍ പറയുന്നത്. പുതുതായി ടാര്‍ ചെയ്ത റോഡ് ഒന്ന് ഉറയ്ക്കണമെങ്കില്‍ രണ്ടു മാസമെങ്കിലും വേണം. അതിനുള്ള സമയംകിട്ടുന്നതിന് മുന്‍പ് സമീപത്തെ തോട്ടത്തില്‍ നിന്ന് മുറിച്ച തടികള്‍ കയറ്റി ലോറികള്‍ കടന്നു പോയി. അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ വന്നതു കൊണ്ടാണ് റോഡ് തകര്‍ന്നത്. ഇത്തരം വാഹനങ്ങള്‍ കടത്തി വിടരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

RELATED STORIES

Share it
Top