62ാം വയസ്സിലും കായികക്കുതിപ്പില്‍ സഫിയ ചിറമ്മല്‍

ടി ബാബു പയ്യന്നൂര്‍

ദിനേന ജോലിക്കായുള്ള നടത്തം ജീവിതത്തില്‍ പ്രചോദനമായ സഫിയ ചിറമ്മല്‍ ഇന്ന് മിന്നും കായികതാരമാണ്. ഇരിട്ടി വാണിയപ്പാറയില്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ സ്വീപ്പര്‍ കം പ്യൂണായി ജോലിചെയ്യുന്ന സമയം രാവിലെ എട്ടിനു സ്ഥാപനം തുറക്കണം. വീട്ടില്‍ നിന്ന് അതിവേഗം നടന്നാല്‍ മാത്രമേ കൃത്യസമയത്ത് എത്താനാവൂ. ദിവസേനയുള്ള സഫിയയുടെ ഓട്ടവും നടത്തവും കണ്ട് സമീപത്തെ സ്‌കൂള്‍ അധ്യാപികയാണ് ഇങ്ങനെ നടന്നാല്‍ മല്‍സരത്തില്‍ പങ്കെടുക്കാമെന്ന അഭിപ്രായം പങ്കുവച്ചത്. ഈ വെല്ലുവിളി സധൈര്യം സഫിയ ഏറ്റെടുക്കുകയായിരുന്നു. 2012ല്‍ സര്‍വീസില്‍ നിന്നു വിരമിച്ച സഫിയ പിന്നീട് നിരവധി കായികമല്‍സരങ്ങളില്‍ പങ്കെടുത്ത് മെഡലുകള്‍ വാരിക്കൂട്ടി. ഇപ്പോഴും ഈ സപര്യ തുടരുന്നു. കഴിഞ്ഞദിവസം പയ്യന്നൂരില്‍ നടന്ന ജില്ലാ മാസ്റ്റേഴ്‌സ് മീറ്റില്‍ ഓട്ടത്തിലും നടത്തമല്‍സരത്തിലും ഒന്നാംസ്ഥാനം നേടി. കഴിഞ്ഞമാസം ചൈനയില്‍ നടന്ന മാസ്‌റ്റേഴ്‌സ് മീറ്റില്‍ ഓട്ടത്തില്‍ വെങ്കലവും നടത്തത്തില്‍ നാലാംസ്ഥാനവും കരസ്ഥമാക്കി. 2016ല്‍ സിംഗപ്പൂരിലെ മീറ്റില്‍ നാലാമതെത്തിയിരുന്നു. നാട്ടില്‍ നടക്കുന്ന എല്ലാ മല്‍സരങ്ങളിലും പങ്കെടുക്കുന്നുണ്ട്. അഞ്ചു മക്കളില്‍ രണ്ടുപേര്‍ ജന്‍മനാ തളര്‍ച്ച ബാധിച്ച് മരിച്ചു. തലശ്ശേരി ധര്‍മടം സ്വദേശിയാണു സഫിയ. സേലത്ത് സ്വകാര്യ കോളജിലെ കുട്ടികള്‍ക്കായി മെസ് നടത്തിയാണു ജീവിതം നയിക്കുന്നത്. അടുത്തവര്‍ഷം സ്‌പെയിനില്‍ നടക്കുന്ന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ നടത്തത്തിനും ഓട്ടമല്‍സരത്തിനും പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തികബുദ്ധിമുട്ട് പ്രധാന തടസ്സമായി നില്‍ക്കുന്നു.
Next Story

RELATED STORIES

Share it