6.5കോടി ചെലവില്‍ പിഎസ്‌സിക്ക് ജില്ലാ ഓഫിസ് ഒരുങ്ങുന്നു

പാലക്കാട്: പിഎസ്്‌സിയുടെ ജില്ലാ ഓഫിസിന് സ്വന്തമായി കെട്ടിടമൊരുങ്ങുന്നു. പാലക്കാട് താലൂക്കിലെ കൊപ്പം വില്ലേജില്‍പ്പെട്ട സ്ഥലത്താണ് പിഎസ്‌സി ഓഫിസ് നിര്‍മിക്കുക. പാലക്കാട് കോട്ടയില്‍ നിന്നും 300 മീറ്റര്‍ മാത്രം ദൂരപരിധിയ്ക്കുള്ളിലായതിനാല്‍ പ്ലാനിങ് ആന്റ് ആര്‍ക്കിയോളജി വകുപ്പിന്റെ അനുമതി നിര്‍മാണത്തിന് ആവശ്യമായിരുന്നു. മൂന്നുവര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയോടുകൂടി 2017 മാര്‍ച്ചില്‍ ആര്‍ക്കിയോളജി വകുപ്പ് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയിട്ടുണ്ട്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ 6.5 കോടി രൂപയ്ക്കുള്ള ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചുകഴിഞ്ഞു.
നാലുനിലകളിലായി 17860 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓഫിസ് മന്ദിരത്തില്‍ ഓരേ സമയം 300 പേര്‍ക്ക് മൂന്ന് ഷിഫ്റ്റുകളിലായി പരീക്ഷ എഴുതാനുള്ള ഓണ്‍ലൈന്‍ സെന്റര്‍, രണ്ട് ഇന്റര്‍വ്യൂ ഹാള്‍, വെരിഫിക്കേഷന്‍ ഹാള്‍, 10 സെക്്ഷനുകള്‍ ഉണ്ടാവും. ഭിന്നശേഷി വിഭാഗക്കാര്‍ക്കായി റാംപ്, ലിഫ്റ്റ് സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിക്കും.
2019 മാര്‍ച്ചില്‍ പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പിഎസ്‌സി അംഗം പി ശിവദാസന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2006 മുതല്‍ക്ക് തന്നെ കെട്ടിടം നിര്‍മിക്കാനായി സ്ഥലം അനുവദിച്ച് കിട്ടുന്നതിന് പരിശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും 2011 ലാണ് അത് യാഥാര്‍ഥ്യമായത്. 25 സെന്റ് സ്ഥലം സെന്റിന് 1,15,000 നിരക്കിലാണ് റവന്യൂ വകുപ്പ് അനുവദിച്ച് നല്‍കിയത്. ശിലാസ്ഥാപനം 17ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി എ കെ ബാലന്‍ നിര്‍വഹിക്കും. പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീര്‍ അധ്യക്ഷത വഹിക്കും.
എം ബി രാജേഷ് എംപി, കമ്മിഷന്‍ അംഗം പി ശിവദാസന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, ജില്ലാകലക്ടര്‍ പി സുരേഷ് ബാബു പങ്കെടുക്കും. എല്ലാ ജില്ലകളിലും ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം ഉള്‍പ്പെടെ സ്വന്തമായി കെട്ടിടം വേണമെന്ന് പിഎസ്്‌സി തീരുമാനിച്ചിരുന്നു.

RELATED STORIES

Share it
Top