6 കോടിയുടെ പള്ളിവാസല്‍ കുടിവെള്ള പദ്ധതി പാഴായി

മാങ്കുളം: പള്ളിവാസല്‍, ആനവിരട്ടി വില്ലേജുകളില്‍ പൂര്‍ണമായും കുഞ്ചിത്തണ്ണി വില്ലേജില്‍ ഭാഗികമായും കുടിവെള്ളമെത്തിക്കുന്നതിനായി നടപ്പാക്കിയ പള്ളിവാസല്‍ ശുദ്ധജല പദ്ധതി ഉപയോഗശൂന്യമായിട്ടു രണ്ടര വര്‍ഷം.
ആറു കോടിയിലധികം രൂപ ചെലവിട്ടാണ് 2004ല്‍ പദ്ധതി നടപ്പാക്കിയത്. ജലക്ഷാമം വളരെയധികം രൂക്ഷമായ പള്ളിവാസല്‍, രണ്ടാംമൈല്‍ കുഞ്ചിത്തണ്ണി, ആനച്ചാല്‍, കുരിശുപാറ, തോക്കുപാറ തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുന്നതിനായി ആറു ടാങ്കുകള്‍ നിര്‍മിക്കുകയും കിലോമീറ്ററുകള്‍ ദൂരത്തില്‍ പൈപ്പുകള്‍ കുഴിച്ചിടുകയും ടാപ്പുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
വീടുകളില്‍ കുടിവെള്ള കണക്ഷനുകളും നല്‍കി. എന്നാല്‍ കുരിശുപാറ, കുഞ്ചിത്തണ്ണി തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളമെത്തിയില്ല. തോക്കുപാറയില്‍ പദ്ധതി കമ്മിഷന്‍ ചെയ്തശേഷം കുറേക്കാലത്തേക്ക് ഭാഗികമായി വെള്ളം ലഭിച്ചെങ്കിലും രണ്ടര വര്‍ഷമായി ജലമെത്തുന്നില്ല.
മൂന്നാര്‍ ഹെഡ്‌വര്‍ക്‌സ് ഡാമിനു സമീപം കൊച്ചി-ധനുഷ്‌കോടി ദേശീയപാത വീതി കൂട്ടിയപ്പോള്‍ ഇവിടെയുണ്ടായിരുന്ന പൈപ്പുകള്‍ തകര്‍ന്നാണു ജലവിതരണം മുടങ്ങിയത്.എന്നാല്‍ റോഡ് പണി തീര്‍ന്നിട്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ജല വിതരണത്തിനു നടപടിയെടുത്തിട്ടില്ല.

RELATED STORIES

Share it
Top