6 കുട്ടികളെ കൊന്നു; കാട്ടുനായ്ക്കളെ പിടികൂടാന്‍ കൂടുതല്‍ സേനയെത്തി

ലഖ്‌നോ: കാട്ടുനായ്ക്കളുടെ ആക്രമണം രൂക്ഷമായ ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ ഇവയെ പിടികൂടാനായി പോലിസ് പ്രത്യേക സംഘത്തെ വിന്യസിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആറു കുട്ടികളെ കടിച്ചുകൊല്ലുകയും ഏഴോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ നായ്ക്കളെ ഇനിയും പിടികൂടാന്‍ സാധിക്കാത്തതിനെത്തുടര്‍ന്നാണ് പോലിസ് കൂടുതല്‍ സേനയെ വിന്യസിച്ചത്.
ഡ്രോണുകളും രാത്രികാല ദൃശ്യ ഉപകരണങ്ങളുമായി പോലിസ് രാത്രിയിലും തിരച്ചില്‍ തുടരുകയാണെന്ന് ഡിജിപി ഒപി സിങ് അറിയിച്ചു. നായ്ക്കൂട്ടത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് ആളുകള്‍ കൂട്ടമായി ആയുധങ്ങളുമായാണ് സഞ്ചരിക്കുന്നത്. നായ്ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മെയ് 1ന് നാലു കുട്ടികളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രണ്ടു കുട്ടികളും മരിച്ചിരുന്നു.
ശിശുക്ഷേമ മന്ത്രി റീത്ത ബഹുഗുണ സംഭവസ്ഥലം സന്ദര്‍ശിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, നായ്ക്കള്‍ക്ക് ഭക്ഷണം ലഭിക്കാത്തതാണ് അവയുടെ സംഘംചേര്‍ന്ന ആക്രമണത്തിന് കാരണമായതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top