59 വിഷയങ്ങളുടെ ജംബോ അജന്‍ഡയുമായി എരുമേലി പഞ്ചായത്ത്

എരുമേലി: 14ന് വിളിച്ചു ചേര്‍ത്ത എരുമേലി പഞ്ചായത്ത് കമ്മിറ്റിയുടെ നോട്ടീസില്‍ അജന്‍ഡയായി രേഖപ്പെടുത്തിരിക്കുന്നത് 59 ഇനങ്ങള്‍. കഴിഞ്ഞയിടെ സ്റ്റിയറിങ് കമ്മിറ്റി ശുപാര്‍ശ എന്ന പേരിലുള്ള അജന്‍ഡയിലെ വിഷയത്തില്‍ ഒളിഞ്ഞിരുന്നത് കൊടിത്തോട്ടം പാറമടക്കുള്ള അനുമതിയായിരുന്നു. അന്നു കമ്മിറ്റി തുടങ്ങിയപ്പോള്‍ വളരെ തന്ത്രപൂര്‍വം ഈ ഒളി അജന്‍ഡ പാസാക്കി പാറമടക്ക് ലൈസന്‍സ് നല്‍കുകയായിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അജന്‍ഡ ഏതെന്നു വ്യക്തമായി വെളിപ്പെടുത്താതെ അംഗങ്ങള്‍ വരുമ്പോഴേക്കും പാസാക്കുന്ന പരിപാടി ഇനി അനുവദിക്കരുതെന്ന അഭ്യര്‍ഥനയുമായി ഭരണസമിതിക്കെതിരേ പ്രതിപക്ഷാംഗം രംഗത്തെത്തി. 59 വിഷയങ്ങള്‍ അജന്‍ഡയാക്കി കമ്മിറ്റി വിളിച്ചിരിക്കുന്നതു തട്ടിപ്പും വെട്ടിപ്പും നടത്താനുള്ള കുറുക്കുവഴിയാണെന്നു പ്രതിപക്ഷാംഗം പ്രകാശ് പുളിക്കല്‍ ആരോപിച്ചു.റാലിയോ ഘോഷയാത്രയോ അല്ല പഞ്ചായത്ത് കമ്മിറ്റികളെന്നും ജനകീയ വിഷയങ്ങള്‍ അര്‍ഹമായ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തു ജനപക്ഷ തീരുമാനങ്ങളെടുത്തു നടപ്പാക്കാനുള്ള കമ്മിറ്റിയെ നോക്കുകുത്തിയാക്കരുതെന്നും പ്രകാശ് പറഞ്ഞു. ജംബോ അഡന്‍ഡ പിന്‍വലിച്ച് ജനകീയത പുലര്‍ത്താന്‍ ഇടതുപക്ഷ ഭരണസമിതി തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റിനും സെക്രട്ടറിക്കും പരാതി നല്‍കിയെന്നു പ്രകാശ് പുളിക്കന്‍ അറിയിച്ചു. 59 അജന്‍ഡകളും എന്തൊക്കെയാണെന്നു വ്യക്തമാക്കാതെ ചുരുക്കിയുള്ള പരാമര്‍ശം മാത്രമാണ് നോട്ടീസിലുള്ളത്. അജന്‍ഡയില്‍ വിഷയത്തെ വ്യക്തമാക്കി നല്‍കിയാലാണ് അംഗങ്ങള്‍ക്കു പഠനം നടത്തി ചര്‍ച്ചയില്‍ സജീവമായി ഇടപെടാനാവുന്നത്. മാസത്തില്‍ അഞ്ചു കമ്മിറ്റികള്‍ വരെ നടത്താന്‍ നിയമം അനുവദിക്കുന്നുണ്ടെന്നിരിക്കെ ജംബോ കമ്മിറ്റി നടത്തുന്നത് ദുരുദേശപരമാണെന്നാണ് ആക്ഷേപം. അജന്‍ഡ തീരുമാനിക്കുന്നത് പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്നാണ്. എന്നാല്‍ പാറമടയ്ക്കു ലൈസന്‍സ് നല്‍കിയ സ്റ്റിയറിങ് കമ്മിറ്റി ശുപാര്‍ശ എന്ന പേരിലുള്ള അജന്‍ഡയുടെ ഉള്ളടക്കം എന്താണെന്നു ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നാണ് അന്നു സെക്രട്ടറി പറഞ്ഞതെന്നു പ്രകാശ് പറയുന്നു. കമ്മിറ്റിയിലാണ് സ്റ്റിയറിങ് കമ്മിറ്റി ശുപാര്‍ശയെന്നതു പാറമട ലൈസന്‍സായി രൂപാന്തരം പ്രാപിച്ചതെന്നു പ്രകാശ് ആരോപിച്ചു.

RELATED STORIES

Share it
Top