59ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി

കോഴിക്കോട്: 59ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ആതിഥ്യമരുളാന്‍ നഗരം ഒരുങ്ങി. അഞ്ചു മുതല്‍ എട്ടു വരെ മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന മേളയില്‍ 95 ഇനങ്ങളിലായി 2650 അത്‌ലറ്റുകള്‍ മാറ്റുരയ്ക്കും. 22 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം കോഴിക്കോട്ടെത്തുന്ന കായികമേള വന്‍ വിജയമാക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
മേളയുടെ ഔപചാരിക ചടങ്ങുകള്‍ അഞ്ചിന് രാവിലെ ഒമ്പതു മണിക്ക് പൊതു വിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ വിശ്വലത പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തോടെയാണ് ട്രാക്ക് ഉണരുക. അന്നു വൈകീട്ട് 3.30ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് സ്റ്റേഡിയത്തി ല്‍ ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ കലാപ്രകടനങ്ങളും വിവിധ നാടന്‍ കലാരൂപങ്ങളും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ദൃശ്യാവിഷ്‌കാരങ്ങളും ചടങ്ങിനു മിഴിവേകും. 59 വെള്ളരിപ്രാവുകള്‍ ഗ്രൗണ്ടി ല്‍നിന്ന് ആകാശത്തേക്കു പറന്നുയരും. 8ന് വൈകീട്ടു നടക്കുന്ന സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും.
മേളയുടെ വരവറിയിച്ച് തിരുവനന്തപുരത്തു നിന്ന് ഇന്ന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണം നാളെ ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ എത്തിച്ചേരും. ജാഥയ്ക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍ ബാലകൃഷ്ണന്‍ വാഴയിലിന്റെ നേതൃത്വത്തില്‍ ഉജ്വലമായ സ്വീകരണം നല്‍കും. തുടര്‍ന്ന് നൂറുകണക്കിന് അത്‌ലറ്റുകളുടെ അകമ്പടിയോടെ തൊണ്ടയാട് ജങ്ഷനില്‍ നിന്ന് സ്‌റ്റേഡിയത്തില്‍ എത്തുന്ന ദീപശിഖ ഒളിംപ്യന്‍ പി ടി ഉഷ ഏറ്റുവാങ്ങും. 14 ജില്ലകളില്‍നിന്നു വരുന്ന അത്‌ലറ്റുകള്‍ക്ക് പട്ടണത്തിലും സമീപ പ്രദേശങ്ങളിലുമായി 13 സ്‌കൂളുകളിലായി താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ദേവഗിരി സാവിയോ സ്‌കൂളിലാണ് മേളയുടെ ഊട്ടുപുര.
മേളയില്‍ പങ്കെടുക്കുന്നതിന് ആദ്യമായെത്തുന്ന കായികതാരങ്ങള്‍ക്ക് ഊഷ്മളമായ വരവേല്‍പ്പു നല്‍കും. നാല് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്‌സി വിദ്യാര്‍ഥികളാണു പങ്കെടുക്കുക. രജിസ്‌ട്രേഷന്‍ സൗകര്യം നാളെ ബിഇഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്റ്റേഡിയത്തിലും ഉണ്ടാവും.
മേളയുടെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടെ അധ്യക്ഷതയില്‍ 17 സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി.

RELATED STORIES

Share it
Top