58ാമത് കേരള സ്‌കൂള്‍ കലോല്‍സവം: എട്ട് ഭാഷകളുടെ സംഗമം

കെ എം അക്ബര്‍

തൃശൂര്‍: മലയാളം, തമിഴ്, ഹിന്ദി, ഉര്‍ദു, അറബിക്, ഇംഗ്ലിഷ്, കന്നഡ, സംസ്‌കൃതം... എട്ടു ഭാഷകളുടെ സംഗമമാണ് കൗമാര പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സ്‌കൂള്‍ കലോല്‍സവം. നൃത്തയിനങ്ങള്‍ ഒഴിവാക്കിയാല്‍ ഭാഷയ്ക്കു പ്രാധാന്യം നല്‍കുന്ന നിരവധി മല്‍സരങ്ങളാണ് കലോല്‍സവത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഗണത്തില്‍ ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ നടക്കുന്നത് അറബി, സംസ്‌കൃതം, മലയാളം എന്നീ ഭാഷകളിലാണ്. മലയാള ഭാഷയിലായി പദ്യം ചൊല്ലല്‍, പ്രസംഗം, അക്ഷരശ്ലോകം, ഉപന്യാസം, കവിതാരചന, കഥാരചന എന്നീ മല്‍സരങ്ങളാണ് കലോല്‍സവത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നൃത്തത്തിലും സംഗീതത്തിലും മലയാള ഭാഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. പ്രസംഗം, ഖുര്‍ആന്‍ പാരായണം, പദ്യംചൊല്ലല്‍, പ്രശ്‌നോത്തരി, കഥാപ്രസംഗം, കവിതാരചന, കഥാരചന, സംഘഗാനം, മോണോആക്റ്റ്, ഉപന്യാസം, മുശാഅറ, നാടകം, നിഘണ്ടു, തര്‍ജമ, അടിക്കുറിപ്പ് രചന, പോസ്റ്റര്‍ നിര്‍മാണം എന്നിവയാണ് അറബി ഭാഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് കലോല്‍സവത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇനങ്ങള്‍. സംസ്‌കൃതം ഭാഷയില്‍ വിദ്യാര്‍ഥികള്‍ക്ക് കഴിവു തെളിയിക്കാനായി അഷ്ടപതി, വന്ദേമാതരം, സംഘഗാനം, പ്രശ്‌നോത്തരി, പദ്യംചൊല്ലല്‍, ചമ്പുപ്രഭാഷണം, കഥാരചന, കവിതാരചന, ഉപന്യാസം, സമസ്യാപൂരണം, പാഠകം, അക്ഷരശ്ലോകം, ഗാനാലാപനം, പ്രഭാഷണം, പ്രസംഗം, നാടകം എന്നിവ കലോല്‍സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉര്‍ദു ഭാഷയില്‍ സംഘഗാനം, പദ്യം ചൊല്ലല്‍, ഉപന്യാസം, കവിതാരചന, പ്രസംഗം, ക്വിസ്, ഗസല്‍ എന്നിവയും തമിഴില്‍ കവിതാരചന, പദ്യംചൊല്ലല്‍, പ്രസംഗം എന്നിവയുമുണ്ട്. പദ്യംചൊല്ലലും പ്രസംഗവും ഉപന്യാസവും കവിതാരചനയും ഹിന്ദി ഭാഷയില്‍ കലോല്‍സവത്തിലെ മല്‍സരയിനങ്ങളാണ്. ഇംഗ്ലിഷില്‍ സ്‌കിറ്റ്, പദ്യംചൊല്ലല്‍, പ്രസംഗം, ഉപന്യാസം, കവിതാരചന എന്നിവയുള്‍പ്പെടുത്തിയിട്ടുണ്ട്. കവിതാരചന, പദ്യംചൊല്ലല്‍, പ്രസംഗം എന്നിവയാണ് കന്നഡ ഭാഷയ്ക്കു പ്രാധാന്യം നല്‍കിയിട്ടുള്ള മല്‍സരയിനങ്ങള്‍.
Next Story

RELATED STORIES

Share it