57ാം വയസ്സില്‍ ബിരുദാനന്തര ബിരുദം: പ്രചോദനമാവാന്‍ എം എന്‍ സത്യന്‍

കുന്നംകുളം: നിശ്ചയദാര്‍ഢ്യംകൊണ്ട് ആഗ്രഹം സഫലമാക്കി സിപിഎം കുന്നംകുളം ഏരിയാ സെക്രട്ടറി എം എന്‍ സത്യന്‍. പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കുകള്‍ക്കിടയിലും സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയാണ് സത്യന്‍ ആഗ്രഹം സഫലമാക്കിയത്.
14-ാം വയസ്സില്‍ എസ്എസ്എല്‍സി പരിക്ഷയില്‍ വിജയിച്ചുവങ്കിലും കുടുംബത്തിലെ ദരിദ്രമായ ചുറ്റുപാടില്‍ തുടര്‍പഠനം അസാധ്യമായിരുന്നു. പതിനാറമത്തെ വയസ്സില്‍ പിതാവിന്റെ മരണത്തോടെ വലിയ കുടുംബത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടി വന്നു.
മെഡിക്കല്‍ ഷോപ്പിലെ ജോലിക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്തതോടെ പാതിവഴിയില്‍ നിന്നുപോയ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ചിന്തകളും അസ്തമിച്ചു. തുടര്‍പഠനം എന്ന ആഗ്രഹം പിന്നിട് 2012 ലാണ് മനസ്സിലുദിച്ചത്. ബി എ സോഷ്യോളജിക്ക് രജിസ്റ്റര്‍ ചെയ്യുകയും പരിക്ഷ എഴുതി 2016ല്‍ ബിരുദം കരസ്ഥമാക്കുകയും ചെയ്തു. ബിരുദാനന്തര ബിരുദം നേടണമെന്ന് ആഗ്രഹം അന്നേ മനസ്സിലുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി പരിക്ഷയെഴുതി. കഴിഞ്ഞ ദിവസം പരിക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ ബിരുദാനന്തര ബിരുദധാരിയായി മാറുകയും ചെയ്തു.

RELATED STORIES

Share it
Top