5,300 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ ഗുജറാത്ത് വ്യവസായി യുഎഇയില്‍ നിന്ന് കടന്നു

കെ എ സലിം

ന്യൂഡല്‍ഹി: 5,300 കോടി രൂപ വായ്പയെടുത്ത് ഇന്ത്യയില്‍ നിന്നു മുങ്ങിയ ഗുജറാത്ത് വ്യവസായി അധികൃതരുടെ കണ്ണുവെട്ടിച്ച് യുഎഇയില്‍ നിന്ന് കടന്നു. സ്റ്റെര്‍ലിങ് ബയോടെക് ഉടമ നിതിന്‍ ജയന്തിലാല്‍ സന്ദേശാരയാണ് കടന്നുകളഞ്ഞത്. യുഎഇ അധികൃതരുടെ സഹായത്തോടെ സന്ദേശാരയെ ഇന്ത്യയിലെത്തിക്കാന്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ശ്രമിച്ചുവരുകയായിരുന്നു. എന്നാല്‍, വ്യവസായി കടന്നുകളഞ്ഞതായുള്ള വിവരമാണ് അധികൃതര്‍ നല്‍കിയത്. യുകെയിലും നൈജീരിയയിലും ബിസിനസുള്ള സന്ദേശാര അങ്ങോട്ട് കടന്നിരിക്കാമെന്നും സംശയിക്കുന്നുണ്ട്.
അതേസമയം, സിബിഐയുടെ മെല്ലെപ്പോക്കാണ് സന്ദേശാരയ്ക്കു രക്ഷപ്പെടാന്‍ സഹായകമായതെന്ന സംശയമുയര്‍ന്നിട്ടുണ്ട്. ഗുജറാത്തിലെ വിവാദ ഐപിഎസ് ഓഫിസറും ഇപ്പോള്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറുമായ രാകേഷ് അസ്താനയാണ് ഈ കേസ് അന്വേഷിക്കുന്നത്. കേസ് അന്വേഷിക്കുന്നത് അസ്താനയാണെന്ന് സിബിഐ വിജിലന്‍സിനെ അറിയിച്ചിരുന്നു. സന്ദേശാരയെ ചെറിയൊരു കേസിന്റെ പേരില്‍ ആഗസ്ത് 15ന് യുഎഇ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. പിന്നാലെ അറസ്റ്റ് ആവശ്യപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ യുഎഇ അധികൃതര്‍ക്ക് കത്തയച്ചു. എന്നാല്‍, അദ്ദേഹം ഗള്‍ഫ് നാടുകളിലെവിടെയും ഇല്ലെന്ന വിവരമാണ് ലഭിച്ചത്. സിബിഐ അറസ്റ്റിനും എന്‍ഫോഴ്‌സ്‌മെന്റ് വിദേശകാര്യമന്ത്രാലയം മുഖേന ഇന്ത്യയിലേക്കു കൈമാറാനുമുള്ള അപേക്ഷകളാണ് നല്‍കിയത്. വഡോദര ആസ്ഥാനമായുള്ള സ്‌റ്റെര്‍ലിങ് ബയോടെക് സന്ദേശാരയും സഹോദരന്‍ ചേതന്‍ ജയന്ത്‌ലാലും ചേര്‍ന്നു നടത്തുന്ന സ്ഥാപനമാണ്. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. ആന്ധ്രാ ബാങ്കില്‍ നിന്ന് 5,383 കോടി കടമെടുത്ത് മുങ്ങിയ കേസില്‍ സഹോദരനും പ്രതിയാണ്. ചേതന്‍ ജയന്തിലാലിനെ 2017 ഒക്ടോബറില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ കാണാതായിരുന്നു. അതോടൊപ്പം കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ഇരുവരും പ്രതികളാണ്.
കമ്പനിയുടെ മറ്റു ഡയറക്ടര്‍മാരായ ദീപ്തി ചേതന്‍ സന്ദേശാര, രാജ്ഭൂഷണ്‍ ഓംപ്രകാശ് ദീക്ഷിത്, വിലാസ് ജോഷി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഹേമന്ദ് ഹാത്തി, ആന്ധ്രാ ബാങ്ക് മുന്‍ ഡയറക്ടര്‍ അനൂപ് ഗാര്‍ഗ്, പേരറിയാത്ത മറ്റു ചിലര്‍ എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്.
ദീക്ഷിതും ഗാര്‍ഗും കേസില്‍ അറസ്റ്റിലായിരുന്നു. അതോടൊപ്പം കമ്പനിയുടെ 4,700 കോടി വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു. കമ്പനിക്ക് പരമാവധി തുക വായ്പ നല്‍കിയതിലും മറ്റും ക്രമക്കേട് നടന്നുവെന്ന് സിബിഐ കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. ലോണ്‍ നേടാന്‍ വ്യാജരേഖകള്‍ ഉണ്ടാക്കുകയും കമ്പനിയുടെ സ്വത്തുവിവരങ്ങള്‍ കൂട്ടിക്കാണിക്കാന്‍ രേഖകളില്‍ കൃത്രിമം കാട്ടുകയും ചെയ്തുവെന്നും കുറ്റപത്രം പറയുന്നു.

RELATED STORIES

Share it
Top