5,283 ആദിവാസികള്‍ ഇന്ന് പരീക്ഷാകേന്ദ്രത്തിലേക്ക്

കല്‍പ്പറ്റ: വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയിലൂടെ സാക്ഷരരായ 5,283 ആദിവാസികള്‍ ഇന്നു പരീക്ഷാകേന്ദ്രത്തിലേക്ക്. ഇവരില്‍ 1,649 പുരുഷന്‍മാരും 3,634 സ്ത്രീകളുമാണ്. 26 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 283 ആദിവാസി കോളനികളിലാണ് പരീക്ഷ നടക്കുന്നത്. എഴുത്തും വായനയും കണക്കും വിഷയങ്ങളായി രണ്ടു മണിക്കൂറാണ് പരീക്ഷ.
വിവിധ ഗ്രാമപ്പഞ്ചായത്തുകളില്‍ പരീക്ഷയെഴുതുന്നവരുടെ എണ്ണം- കല്‍പ്പറ്റ ബ്ലോക്ക്: വെങ്ങപ്പള്ളി- 294, പൊഴുതന- 312, കോട്ടത്തറ- 250, മുട്ടില്‍- 163, മൂപ്പൈനാട്- 103, മേപ്പാടി- 160, വൈത്തിരി- 72, തരിയോട്- 172, പടിഞ്ഞറത്തറ- 234. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്: മീനങ്ങാടി- 250, അമ്പലവയല്‍- 226, നൂല്‍പ്പുഴ- 183, നെന്‍മേനി- 267. മാനന്തവാടി ബ്ലോക്ക്: തിരുനെല്ലി- 160, എടവക- 150, വെള്ളമുണ്ട- 256, തവിഞ്ഞാല്‍- 137, തൊണ്ടര്‍നാട്- 265. പനമരം ബ്ലോക്ക്: പനമരം- 249, പൂതാടി- 215, കണിയാമ്പറ്റ- 180, മുള്ളന്‍കൊല്ലി- 214, പുല്‍പ്പള്ളി- 230. മാനന്തവാടി നഗരസഭ- 200, കല്‍പ്പറ്റ- 190, സുല്‍ത്താന്‍ ബത്തേരി- 251.
മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ അമ്പലക്കുന്ന് കോളനിയിലെ 90കാരി മാക്കയാണ് മുതിര്‍ന്ന പഠിതാവ്.
വെങ്ങപ്പള്ളി ലാന്റ്‌ലെസ് കോളനിയിലെ കറുത്ത, തിരുനെല്ലി ഗുണ്ഡികപ്പറമ്പ് കോളനിയിലെ കാളന്‍ പൂതാടി കോട്ടക്കുന്ന് കോളനിയിലെ കുങ്കിയമ്മ, പുല്‍പ്പള്ളി പാളക്കൊല്ലി കോളനിയിലെ കെമ്പി, മാനന്തവാടി പൊലമൊട്ടം കോളനിയിലെ പാറു, തവിഞ്ഞാല്‍ ചമ്പോടന്‍ക്കുന്ന് കോളനിയിലെ കപ്പന്‍, മുള്ളന്‍കൊല്ലി ഇരിപ്പോട് കോളനിയിലെ കാളന്‍, പൊഴുതന അച്ചൂര്‍ കോളനിയിലെ ശാന്ത എന്നിവരാണ് 80 വയസ്സ് കഴിഞ്ഞ മറ്റ് പഠിതാക്കളില്‍ ചിലര്‍. പടിഞ്ഞാറത്തറ ചല്‍ക്കാരക്കുന്ന് കോളനിയിലെ 16കാരി ലക്ഷ്മിയാണ് പ്രായം കുറഞ്ഞ പഠിതാവ്. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല, അസിസ്റ്റന്റ് ഡയറക്ടര്‍ കെ അയ്യപ്പന്‍ നായര്‍, വയനാട് ഡയറ്റ് പ്രിന്‍സിപ്പല്‍ ലീന എന്നിവരുടെ നേതൃത്വത്തില്‍ പഠിതാക്കളുടെ പഠനനിലവാരം വിലയിരുത്തി. പരീക്ഷോല്‍സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ കമ്പളക്കാട് കൊയിഞ്ഞപ്പാറ കോളനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിക്കും.
കല്‍പ്പറ്റ നഗരസഭയിലെ പരീക്ഷ മുണ്ടേരി പൊയില്‍ കോളനിയില്‍ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ പരീക്ഷ കുപ്പാടി കോളനിയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജിഷാ ഷാജി, മാനന്തവാടി നഗരസഭയിലെ പരീക്ഷ അംബേദ്കര്‍ കോളനിയില്‍ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് എന്നിവര്‍ ഉദ്ഘാടനം ചെയ്യും. 23 ഗ്രാമപഞ്ചായത്തുകളിലും ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കും. സാക്ഷരതാ പ്രവര്‍ത്തകര്‍, പഞ്ചായത്ത് കോ-ഓഡിനേറ്റര്‍മാര്‍, പ്രേരക്മാര്‍, ഇന്‍സ്ട്രക്ടര്‍മാര്‍, ഊരുകൂട്ടം മൂപ്പന്‍മാര്‍, പ്രമോട്ടര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ പരീക്ഷോല്‍സവത്തിന് നേതൃത്വം നല്‍കും. സംസ്ഥാന സാക്ഷരതാ മിഷന്‍ ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ സാക്ഷരതാ ശതമാനം ഉയര്‍ത്തുന്നതിനു വേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരംഭിച്ചതാണ് വയനാട് ആദിവാസി സാക്ഷരതാ പദ്ധതി. പഠിതാക്കള്‍ക്ക് തുടര്‍പഠനത്തിനുള്ള സാധ്യത സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

RELATED STORIES

Share it
Top