51 ബ്രാന്‍ഡ് വെളിച്ചെണ്ണനിരോധിച്ചു

എന്‍ എ ശിഹാബ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന 51 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം ജി രാജമാണിക്കം ഉത്തരവിട്ടു. മായം കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നിരോധിച്ച ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ സംഭരിച്ചുവയ്ക്കുന്നതും വില്‍പന നടത്തുന്നതും ക്രിമിനല്‍ കുറ്റമാണെന്നും കമ്മീഷണര്‍ അറിയിച്ചു. വിവിധ ബ്രാന്‍ഡ് വെളിച്ചെണ്ണകളില്‍ ആരോഗ്യത്തിനു ഹാനികരമായ പാരഫിന്‍ ചേര്‍ക്കുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് വില്‍ക്കുന്ന വെളിച്ചെണ്ണ ഇനങ്ങളില്‍ 70 ശതമാനത്തിലേറെയും തമിഴ്‌നാട്ടില്‍ നിന്നാണ് എത്തുന്നത്. മായം കലര്‍ന്ന 45 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നേരത്തേ നിരോധിച്ചിരുന്നു. എന്നാല്‍, നിരോധിക്കപ്പെട്ട ബ്രാന്‍ഡുകള്‍ പുതിയ പേരില്‍ വീണ്ടും സംസ്ഥാനത്തെത്തുന്നതായി ആരോപണമുണ്ട്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പാമൊലിനും വെളിച്ചെണ്ണയില്‍ വ്യാപകമായി ചേര്‍ക്കുന്നുണ്ട്. വലിയ ലാഭം കമ്പനികള്‍ ഓഫര്‍ ചെയ്യുന്നതിനാല്‍ ഇത്തരം വെളിച്ചെണ്ണകള്‍ വില്‍ക്കുന്നതിനാണ് വ്യാപാരികള്‍ക്കും താല്‍പര്യം. അതേസമയം, ഭക്ഷ്യയോഗ്യമല്ലാത്ത, വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഐസ് നീല നിറത്തിലാക്കണമെന്ന ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യുടെ നിര്‍ദേശത്തില്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തത തേടി. ഐസ് നീല നിറത്തിലാക്കണമെങ്കില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കേണ്ടിവരുമെന്നും മീനുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ സൂക്ഷിക്കാനായി ഉപയോഗിക്കുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും കേരളം ചൂണ്ടിക്കാട്ടി. ഇതു പരിഹരിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം മുതല്‍ നിര്‍ദേശം നടപ്പാക്കണമെന്നായിരുന്നു ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. നിലവില്‍ എല്ലാ തരം ഐസിനും വെള്ള നിറമാണ്. കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശം ലഭിച്ചതിനു ശേഷമേ ഐസ് നീല നിറത്തിലാക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കൂ എന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വ്യക്തമാക്കി. വ്യാവസായിക ആവശ്യത്തിനായി വൃത്തിഹീനമായ സാഹചര്യത്തില്‍ നിര്‍മിക്കുന്ന ഐസ് ഭക്ഷണസാധനങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്നതായി പരിശോധനയില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ് എഫ്എസ്എസ്എഐ നിര്‍ദേശം പുറത്തിറക്കിയത്. ഐസില്‍ ഫോര്‍മാലിന്‍ അടങ്ങിയിട്ടുണ്ടോയെന്നു കണ്ടെത്താന്‍ ഐസ് നിര്‍മാണ ഫാക്ടറികളില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന ഓപറേഷന്‍ സാഗര്‍ റാണിയില്‍ ഫോര്‍മാലിന്‍ കലര്‍ന്ന മല്‍സ്യം പിടികൂടിയിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ മല്‍സ്യത്തിലാണ് ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്.

RELATED STORIES

Share it
Top