5000ല്‍ അധികം റേഷന്‍ കടകള്‍ ഉപേക്ഷിക്കും

പത്തനംതിട്ട: മാസവേതനവും കടവാടകയും നല്‍കാതെ നഷ്ടം സഹിച്ച് റേഷന്‍ കടകള്‍ നടത്താനാവില്ലെന്നും, രണ്ടു മാസത്തിനകം സംസ്ഥാനത്തെ 5000 ല്‍ അധികം റേഷന്‍ കടകള്‍ ലൈസന്‍സികള്‍ ഉപേക്ഷിക്കുമെന്നും ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ ആര്‍ ബാലന്‍, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അടൂര്‍ ഗോപാലന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റേഷന്‍ വ്യാപാരികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ മാസവേതനം എന്നു പ്രഖ്യാപിക്കുകയും ഇപ്പോള്‍ ക്വിന്റലിന് 220 രൂപ കമ്മീഷന്‍ എന്നാക്കുകയും ചെയ്തു. റേഷന്‍ കടകള്‍ വര്‍ഷങ്ങളായി ഏറ്റെടുത്തു നടത്തുന്നവരേയും, സെയില്‍സ്മാന്‍മാരേയും സര്‍ക്കാര്‍ അവഗണിച്ചു. കടവാടക നല്‍കണമെന്ന ആവശ്യം പരിഗണിച്ചില്ല. ഭക്ഷ്യധാന്യങ്ങള്‍ വില്‍ക്കുന്നതിന്റെ അളവു കണക്കാക്കി സ്ലാബ് നിശ്ചയിച്ച് കമ്മീഷന്‍ നല്‍കുന്നതോടെ കാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ കട ഉടമകള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകും. കട ഉടമകളെ തമ്മില്‍ ഭിന്നിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 45 ക്വിന്റല്‍ മുതല്‍ 73 ക്വിന്റല്‍ വരെ അരി വിതരണം ചെയ്യുന്ന റേഷന്‍ കടകള്‍ക്കു മാസത്തില്‍ 16000 രൂപ നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഇത് അംഗീകരിക്കാനാവില്ല. സെയില്‍സ്മാന്റെ ശമ്പളവും, കടവാടകയും, മറ്റു ചെലവുകളും കഴിഞ്ഞാല്‍ ലൈസന്‍സിക്ക് ഒന്നും ലഭിക്കില്ല. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതോടെ ഒന്നരമാസത്തെ ഭക്ഷ്യധാന്യം കടയില്‍ സ്‌റ്റോക്കു ചെയ്യണം. ഇതിനു രണ്ടു മുറി ആവശ്യമാണ്. വേതന വ്യവസ്ഥ നിലവില്‍ വന്നാല്‍ സര്‍ക്കാര്‍ നിയമപ്രകാരം 62 വയസ്സായവര്‍ക്ക് കട നഷ്ടമാകും. അനന്തരാവകാശ നിയമം ഉണ്ടാകില്ല. സെയില്‍സ്മാന്‍മാര്‍ക്ക് ജോലി നഷ്ടപ്പെടും. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കു പുതിയ റേഷന്‍ കാര്‍ഡു നല്‍കുന്നതിനും, കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിനും, പേരുകള്‍ കൂട്ടിചേര്‍ക്കുന്നതിനും, കാര്‍ഡുകള്‍ മറ്റു താലൂക്കുകളിലേക്ക് മാറ്റുന്നതിനും ഭക്ഷ്യവകുപ്പ് ഉത്തരവിറക്കണം. മുന്‍ഗണനാപട്ടികയിലെ അപാകതകള്‍ പരിഹരിച്ച് അന്തിമ പട്ടിക ഉടന്‍ പരസ്യപ്പെടുത്തണം. ദരിദ്രവിഭാഗങ്ങള്‍ക്ക് സൗജന്യമായി നല്‍കിവരുന്ന ഗോതമ്പുവിതരണം അടുത്തമാസം മുതല്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top