50 വില്ലേജ് ഓഫിസുകള്‍ കൂടി സ്മാര്‍ട്ട്് ഓഫിസുകളാക്കും: മന്ത്രി

ഒളവണ്ണ: പുതുതായി 50 വില്ലേജ് ഓഫിസുകള്‍ കൂടി സ്മാര്‍ട്ടാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചതായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. സ്മാര്‍ട്ട് വില്ലേജ് ഓഫിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പന്തീരാങ്കാവ്, ഒളവണ്ണ വില്ലേജ് ഓഫിസുകളുടെ ഉദ്ഘാടനം അറപ്പുഴയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ പല വില്ലേജ് ഓഫിസുകളും പ്രാഥമിക സൗകര്യങ്ങളില്ലാതെ ദയനീയ അവസ്ഥയിലായിരുന്നു. രണ്ട് വര്‍ഷത്തിനിടെ 39 വില്ലേജ് ഓഫിസ് കെട്ടിടങ്ങളാണ് പുതുതായി നിര്‍മിച്ചത്.
മേഖലകളായി തിരിച്ച് വില്ലേജ് ഓഫിസര്‍മാരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ആധുനിക സൗകര്യങ്ങളുള്‍പ്പെടുത്തിയുള്ള കെട്ടിട നിര്‍മാണത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തത്. കുടിവെള്ള ലഭ്യത, ടോയ്‌ലറ്റ്, ചുറ്റുമതില്‍ എന്നിവയ്ക്കാണ് പ്രഥമ പരിഗണന നല്‍കിയത്. രണ്ട് വര്‍ഷത്തിനിടെ ഇത്തരത്തില്‍ 12.60 ലക്ഷം വിനിയോഗിച്ചു. വടകര വില്ലേജ് ഓഫിസ് പൈതൃക മന്ദിരമായി സംരക്ഷിക്കുന്നതിന് 50 ലക്ഷം നീക്കിവച്ചതായും മന്ത്രി പറഞ്ഞു. പണപ്പിരിവ് നടത്താതെ തന്നെ ജനങ്ങളുടെ സഹായത്തോടെ പൊതു സ്ഥാപനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ജനപ്രതിനിധികള്‍ക്ക് സാധിക്കേണ്ടതുണ്ട്. ഇതിന് സര്‍ക്കാര്‍ ഓഫിസുകള്‍ ജനസൗഹൃദമാകണം. ജനങ്ങള്‍ക്ക് ഗുണം ലഭിക്കുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ വിനിയോഗിക്കുന്ന തുക ഫലപ്രദമാകുകയുള്ളൂവെന്നും മന്ത്രി ഓര്‍മിപ്പിച്ചു. തദ്ദേശസ്ഥാപനങ്ങള്‍, പോലിസ് സ്റ്റേഷന്‍ തുടങ്ങി ദിനംപ്രതി ജനം എത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന സമീപനമാണ് ഒരു സര്‍ക്കാറിനെ വിലയിരുത്തുന്നതിന് നിര്‍ണായകമാവുക. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ജനപക്ഷനിലപാടുകള്‍ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ പി ടി എ റഹീം എംഎ ല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യാതിഥിയായി, ജില്ലാ കലക്ടര്‍ യു വി ജോസ്, സബ് കലക്ടര്‍ വി വിഘ്‌നേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ മനോജ് കുമാര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി, വൈസ് പ്രസിഡന്റ് മനോജ് പാലത്തൊടി, എഡിഎം ടി ജനില്‍ കുമാര്‍, അഡി ഡപ്യൂട്ടി തഹസില്‍ദാര്‍ അനിതകുമാരി ,നിര്‍മിതി കേന്ദ്രം പ്രൊജക്ട് ഓഫീസര്‍ കെ മനോജ് സംസാരിച്ചു.

RELATED STORIES

Share it
Top