50 കിലോ ചന്ദനത്തടികള്‍ പിടികൂടി

പുത്തനത്താണി: ചന്ദനമോഷണ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. ചെറിയമുണ്ടം കല്ലും തിരുത്തി മുജീബ് റഹ്മാന്‍ (42)നെയാണ് കല്‍പകഞ്ചേരി എസ്‌ഐ മഞ്ജിത് ലാലും സംഘവും അറസ്റ്റ് ചെയ്തത്. സംഘത്തിലെ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.  ഇയാളില്‍ നിന്ന് 50 കിലോ ചന്ദന തടികള്‍ പിടികൂടി.
പകല്‍ സമയങ്ങളില്‍ വീടുകളില്‍ പോയി ചന്ദനമരത്തിന്  വീട്ടുകാരോട്  മോഹവില പറഞ്ഞ് ഉറപ്പിക്കും. ചന്ദനമരം മറ്റാര്‍ക്കും വില്‍ക്കാതിരിക്കാനാണ് മോഹവില പറയുന്നത്. തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സംഘം വന്ന് ചന്ദനമരം മുറിച്ച് കടത്തുകയാണ് പതിവ്.
മരംവെട്ട് തൊഴിലെടുക്കുന്നവരാണ് സംഘങ്ങള്‍. കല്‍പകഞ്ചേരി തവളം ചിനയില്‍ ഒരു വീട്ടില്‍ നിന്നും രണ്ട് ചന്ദനമരം മുറിച്ച് കടത്തുന്നതിനിടെയാണ് പിടിയിലായത്.  ഈ വീട്ടില്‍ മറ്റൊരു ജോലിക്കെത്തി ചന്ദനമരത്തിന് മോഹവില പറഞ്ഞതായിരുന്നു ഇവര്‍. കഴിഞ്ഞ വിഷുവിന്റെ പുലര്‍ച്ചെയാണ് മരം മുറിച്ച് കടത്തിയത്.
സംഘത്തിലെ ഒരാളുടെ മൊബൈല്‍ ഫോണ്‍ സ്ഥലത്ത് നിന്നും ലഭിച്ചതാണ് മോഷ്ടാടാക്കളെ പിടികൂടാന്‍ സഹായിച്ചത്. കോട്ടക്കല്‍, പുതുപറമ്പ്, ചെറിയമുണ്ടം ഭാഗങ്ങളില്‍ ചന്ദനമരം നഷ്ടപ്പെട്ടതില്‍ സംഘത്തിന്റെ പങ്ക് അന്വേഷിക്കും. ഇവര്‍ മോഷണം നടത്തുന്ന ചന്ദനം സ്ഥിരമായി എടുക്കുന്ന മറ്റൊരു സംഘവും ഉണ്ട്. അവരില്‍ നിന്നാണ് ചന്ദനം പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top