50 ഉദ്യോഗസ്ഥരെ ബ്രിട്ടന്‍ തിരിച്ചുവിളിക്കണം: റഷ്യ

മോസ്‌കോ: റഷ്യ വീണ്ടും ബ്രിട്ടിഷ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്നു. 50ലധികം നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാന്‍ റഷ്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു. ബ്രിട്ടനിലെ സാലസ്ബറിയില്‍ റഷ്യന്‍ മുന്‍ഉദ്യോഗസ്ഥന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും നേര്‍ക്കുണ്ടായ വിഷപ്രയോഗത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടായ നയതന്ത്ര തര്‍ക്കങ്ങള്‍ രൂക്ഷമാവുന്നതിനിടെയാണ് നടപടി.
നേരത്തേ റഷ്യയും ബ്രിട്ടനും പരസ്പരം 23 വീതം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ബ്രിട്ടന് പിന്തുണയറിയിച്ച് യുഎസും യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങളുമടക്കമുള്ള രാജ്യങ്ങള്‍ റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തു. ഇതിനു മറുപടിയായി കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 60 യുഎസ് നയതന്ത്രജ്ഞരെയും മറ്റു 23 രാജ്യങ്ങളില്‍ നിന്നുള്ള 59 ഉദ്യോഗസ്ഥരെയും റഷ്യയും പുറത്താക്കി. ഇതിനു തൊട്ടുപിറകേയാണ് റഷ്യ വീണ്ടും രാജ്യത്തെ ബ്രിട്ടിഷ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനൊരുങ്ങുന്നത്.
ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള റഷ്യയുടെ പ്രതികരണം ഖേദകരമാണെന്ന് ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലെ റഷ്യയുടെ നടപടികള്‍ ഇത്തരമൊരു നീക്കത്തിനുള്ള സൂചന നല്‍കിയിരുന്നതായും മന്ത്രാലയം പ്രതികരിച്ചു. ഉദ്യോഗസ്ഥരെ പുറത്താക്കിയതുകൊണ്ടൊന്നും വസ്തുതകള്‍ മാറില്ല. സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കുമെതിരായ കൊലപാതകശ്രമത്തില്‍ റഷ്യന്‍ ഭരണകൂടമാണ് കുറ്റക്കാരെന്നും മന്ത്രാലയം വക്താവ് പറഞ്ഞു.
മാര്‍ച്ച് 4നാണ് സ്‌ക്രിപാലും മകളും ആക്രമിക്കപ്പെടുന്നത്. ഇരുവരുടേയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇവര്‍ക്കെതിരേ വിഷവസ്തു പ്രയോഗിച്ചത് റഷ്യയാണെന്നാണ് ബ്രിട്ടന്‍ ആരോപിക്കുന്നത്. എന്നാല്‍, ആരോപണം റഷ്യ നിഷേധിക്കുകയായിരുന്നു. ബ്രിട്ടന്‍-റഷ്യ നയതന്ത്ര തര്‍ക്കം ശീതയുദ്ധത്തിനു സമാനമായ നിലയിലേക്കു നീങ്ങുന്നതായി യുഎന്‍ കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു.

RELATED STORIES

Share it
Top