5.62 ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് ഫേസ്ബുക്ക്

വാഷിങ്ടണ്‍: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാംബ്രിജ് അനലറ്റിക്ക 5.62 ലക്ഷം ഇന്ത്യക്കാരുടെ വിവരം ചോര്‍ത്തിയതായി ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു. കാംബ്രിജ് അനലറ്റിക്കയുടെ ആപ്പ് നേരിട്ട് ഡൗണ്‍ലോഡ് ചെയ്ത 335 ഇന്ത്യന്‍ ഉപഭോക്താക്കളിലൂടെയാണ് 5,62,120 പേരുടെ വിവരം ചോര്‍ന്നത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്തവരിലൂടെ അവരുടെ സുഹൃത്തുക്കളുടെയും വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു.
ഫേസ് ബുക്കില്‍ നിന്നു വിവരങ്ങള്‍ ചോര്‍ന്നതില്‍ നടപടി സ്വീകരിക്കാന്‍ കാംബ്രിജ് അനലറ്റിക്കയുടെ വിശദീകരണത്തിന് കാത്തിരിക്കുകയാണെന്ന് ഇന്ത്യന്‍ ഐടി മന്ത്രാലയം അറിയിച്ചു. വിഷയത്തില്‍ ഫേസ്ബുക്കിന്റെ വിശദീകരണം ലഭിച്ചിട്ടുണ്ട്്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്തകളെത്തുടര്‍ന്ന് ഐടി മന്ത്രാലയം ഫേസ്ബുക്കില്‍ നിന്നും കാംബ്രിജ് അനലറ്റിക്കയില്‍ നിന്നും കഴിഞ്ഞമാസം വിശദീകരണം തേടിയിരുന്നു.
ഏകദേശം ഒമ്പതു കോടിയോളം പേരുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് കരുതുന്നതായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതില്‍ ഭൂരിഭാഗവും യുഎസില്‍ നിന്നുള്ള ഉപഭോക്താക്കളാണ്. യുഎസിലെയും മറ്റ് രാജ്യങ്ങളിലെയും തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ വിവര വിശകലന കമ്പനിയായ കാംബ്രിജ് അനലറ്റിക്ക ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം.
സുക്കര്‍ബര്‍ഗിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഫേസ്ബുക്കിനെതിരേ ആസ്‌ത്രേലിയ അന്വേഷണം പ്രഖ്യാപിച്ചു. രാജ്യത്തെ സ്വകാര്യതാ നിയമം ഫേസ്ബുക്ക് ലംഘിച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നതെന്ന് പ്രൈവസി കമ്മീഷണര്‍ ഏന്‍ഗലീന്‍ ഫാല്‍ക് അറിയിച്ചു. ആസ്‌ത്രേലിയയിലെ മൂന്നു ലക്ഷത്തോളം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫേസ്ബുക് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍  ഫേസ്ബുക്ക്  ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കൂടുതല്‍ ശ്രദ്ധചെലുത്തുമെന്ന് സുക്കര്‍ബര്‍ഗ് അറിയിച്ചു. യുഎസ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലും സുരക്ഷ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED STORIES

Share it
Top