5 ടണ്‍ മല്‍സ്യക്കുഞ്ഞുങ്ങളെ പിടികൂടി

പൊന്നാനി: കടലില്‍ നിന്നു ചെറിയ മത്സ്യങ്ങളെ പിടികൂടുന്ന വള്ളങ്ങള്‍ ഫിഷറീസ് വകുപ്പ് പിടികൂടി.  ഇവയില്‍ നിന്ന് അഞ്ചു ടണ്‍ മല്‍സ്യക്കുഞ്ഞുങ്ങളെയും പിടികൂടി. പൊന്നാനിയില്‍ നിന്നു പോയ മൂന്നു ചെറിയ വള്ളങ്ങളും ഒരു ഇന്‍ബോര്‍ഡ് വള്ളവുമാണ് ഫിഷറീസ് വകുപ്പ് പിടിയിലായത്. അഞ്ചു ടണ്ണോളം അയലക്കുഞ്ഞുങ്ങളെയാണ് ഇവയില്‍ നിന്നു പിടിച്ചത്. ട്രോളിങ് നിരോധന സമയത്ത് കടലിലിറങ്ങുന്ന പരമ്പരാഗത മത്സ്യയാനങ്ങള്‍ക്ക് ചെറുമീനുകളെ പിടികൂടുന്നതിന് നിയന്ത്രണമുണ്ട്. എന്നാല്‍, പ്രജനനഘട്ടത്തിലുള്ള ചെറുമീനുകളെ പിടികൂടുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
അതേസമയം, ഇത്തരം മല്‍സ്യങ്ങളെ ഇന്നലെ പൊന്നാനിയില്‍ വ്യാപകമായി വിറ്റഴിച്ചിട്ടുണ്ട്. കൊട്ടയ്ക്ക് 1000 മുതല്‍ 1300 വരെ രൂപയ്ക്കാണ് വില്‍പന നടത്തിയത്. വളത്തിനു വേണ്ടിയാണത്രേ ഇത്തരം ചെറുമല്‍സ്യങ്ങളെ വ്യാപകമായി പിടികൂടുന്നത്. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. അനധികൃത മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരേ നടപടി കര്‍ശനമാക്കുമെന്ന് ഫിഷറീസ് ഡിഡിസി ജയനാരായണന്‍ പറഞ്ഞു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ രാജു ആനന്ദ്, ഫിഷറീസ് എസ്‌ഐ സുലൈമാന്‍ എന്നിവരാണ് വള്ളങ്ങള്‍ പിടികൂടിയത്. മത്സ്യക്കുഞ്ഞുങ്ങളെ തിരികെ ഉള്‍ക്കടലില്‍ നിക്ഷേപിച്ചു. വള്ളം ഉടമകളില്‍ നിന്നു പിഴ ഈടാക്കി.

RELATED STORIES

Share it
Top