5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: നഗരത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് മൊത്ത വിതരണത്തിനായി എത്തിക്കുന്ന സംഘത്തിലെ കണ്ണി അറസ്റ്റില്‍ .  ഒഡീഷ ഗജപതി ജില്ലയിലെ ബീരിക്കോട് സ്വദേശി സുമന്ത് നായിക് (26) ആണ് അഞ്ചു കിലോ കഞ്ചാവുമായി നടക്കാവ് പോലിസിന്റെ പിടിയിലായത്.
ഈയിടെയായി നഗരത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവും മറ്റു ലഹരി വസ്തുക്കളുടെ മൊത്ത വിതരണത്തിനായി എത്തിക്കുന്ന സംഘം സജീവമാകുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ പി പൃഥിരാജന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടക്കാവ് ഇന്‍സ്‌പെക്ടര്‍ ടി കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ എസ്‌ഐ എസ് സജീവും ക്രൈം സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി പരിസരത്ത് വച്ച് പ്രതിയെ അഞ്ചു കിലോ കഞ്ചാവുമായി പിടികൂടിയത്.
പ്രതി കഴിഞ്ഞ വര്‍ഷം കേരളത്തിലെ വിവിധ ജില്ലകളില്‍ വിവിധതരം ജോലികള്‍ ചെയ്ത് തിരികെ നാട്ടില്‍ പോയതിന് ശേഷം ഇവിടുത്തെ ബന്ധമുപയോഗിച്ച് ലഹരി മാര്‍ക്കറ്റ് മനസ്സിലാക്കി കഞ്ചാവ് കടത്തിലേക്ക് തിരിയുകയായിരുന്നു.
ആന്ധ്ര-ഒഡീഷ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും ചുരുങ്ങിയ വിലക്ക് വാങ്ങി കേരളത്തിലെത്തിച്ച് 10,000 രൂപ വരെ വിലക്ക് വിതരണം ചെയ്യാറാണ് പതിവ്.പ്രതിയുടെ കൂട്ടാളികളെക്കുറിച്ചും കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും ആര്‍ക്കു വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നും മറ്റുമുള്ള കാര്യങ്ങള്‍ നടക്കാവ് ഇന്‍സ്‌പെക്ടര്‍ ടി കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയാണ്.
നടക്കാവ് എസ്‌ഐ എസ് സജീവ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാഫി, സജി, അഖിലേഷ്, പ്രപിന്‍, നിജിലേഷ് എന്നിവരെ കൂടാതെ നടക്കാവ് സ്റ്റേഷനിലെ ജൂനിയര്‍ എസ്‌ഐ സജീര്‍, കോണ്‍സ്റ്റബിള്‍ ബിജു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

RELATED STORIES

Share it
Top