palakkad local

കുടിവെള്ളം പാഴാക്കല്‍ തലമുറയോടുള്ള ദ്രോഹം: വിഎസ്

പാലക്കാട്: കൊടുമ്പ്-പൊല്‍പ്പുള്ളി പഞ്ചായത്തുകള്‍ക്കുവേണ്ടി 14.55 കോടി രൂപ ചിലവില്‍ നിര്‍മിച്ച സമഗ്ര കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കുടിവെള്ളം അമൂല്യമാണ്. അത് സംരക്ഷിക്കാതെ പാഴാക്കി കളയുന്നത് വരും തലമുറയോട് ചെയ്യുന്ന ദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.
2025 എത്തുമ്പോഴേക്കും കുടിവെള്ളത്തിനായി കലാപമുണ്ടാകന്ന സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓരോ തുള്ളി വെള്ളവും അമൃതാണെന്ന് ഉദ്‌ബോധിപ്പിക്കുന്ന കവി തിരുവള്ളുവരുടെ കവിത ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫ് അധ്യക്ഷത വഹിച്ചു. ശുദ്ധമായ ജലം ജനങ്ങള്‍ക്ക് എത്തിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. സംസ്ഥാനത്ത് ഇതുവരെ 476 സമഗ്രകുടിവെള്ള പദ്ധതികളാണ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. 1250 പദ്ധതികള്‍ വാട്ടര്‍ അതോറിറ്റിയുടെ കീഴിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജല ശുദ്ധീകരണത്തിന് പ്രധാന്യം നല്‍കുന്നതുകൊണ്ട് ഗുണമേന്മയേറിയ പൈപ്പുകളാണ് എല്ലായിടത്തും ഉപയോഗിച്ചുവരുന്നതെന്നും മന്ത്രി പറഞ്ഞു. ജല ശുദ്ധീകരണശാലകള്‍ക്ക് ഇപ്പോള്‍ വലിയ പ്രാധാന്യം നല്‍കുന്നു. ആധുനികരീതിയില്‍ ശുദ്ധീകരിച്ച കുടിവെള്ളമാണ് ഈ പദ്ധതിവഴി നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി ഈടുറ്റ പൈപ്പുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചിറ്റൂര്‍ പുഴയില്‍ കിണര്‍, പമ്പ്ഹൗസ്, അഞ്ച് ദശലക്ഷം ലിറ്റര്‍ പ്രതിദിന ശുദ്ധീകരണശേഷിയുള്ള ജലശുദ്ധീകരണശാല, പമ്പ് സെറ്റുകള്‍, പമ്പിംഗ് മെയിനുകള്‍, ജലസംഭരണികള്‍, 116 മീറ്റര്‍ ദൈര്‍ഘ്യമുള്ള വിതരണ ശൃംഖല എന്നിവ പൂര്‍ത്തീകരിച്ചാണ് പദ്ധതി നാടിന് സമര്‍പ്പിച്ചത്. ടെക്‌നോളജി മിഷന്‍ എന്‍ആര്‍ഡിഡബ്ല്യുപി ധനസഹായത്തോടെ 1566 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കിയ പദ്ധതിയിലൂടെ 58673 പേര്‍ക്ക് പ്രയോജനം ലഭിക്കും.
കെ അച്ചുതന്‍ എംഎല്‍എ, കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് എസ് ഷൈലജ, പൊല്‍പ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ് ജയന്തി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ രാജന്‍, നിതിന്‍ കണിച്ചേരി, ജനപ്രതിനിധികളായ കെ സ്വാമിനാഥന്‍, കെ ഹരിദാസ് (ചിറ്റൂര്‍), കെ ഹരിദാസ് (മലമ്പുഴ), സുനില്‍, ജി രേവതി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ഇ നാരായണന്‍കുട്ടി, എം ഷാജി, കെ ആര്‍ കുമാരന്‍, പി കനകദാസ്, കെ വി സുദേവന്‍, എം ഹരിദാസ്, കെ എം ഹരിദാസ്, ജല അതോറിറ്റി ചീഫ് എഞ്ചിനീയര്‍ പി കെ ചന്ദ്രവതി, സൂപ്രണ്ടിങ് എഞ്ചിനീയര്‍ (ഇന്‍ചാര്‍ജ്) വി എം പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.
പദ്ധതിക്ക് സ്ഥലം വിട്ടു നല്‍കിയ കിട്ടു വലിയകാട്, അനില്‍കുമാര്‍ എന്നിവരെയും വിവിധ പരീക്ഷകളിലെ വിജയിച്ചവരെയും യോഗത്തില്‍ ആദരിച്ചു.
Next Story

RELATED STORIES

Share it