4,555 കോടിയുടെ അധിക ചെലവ് ഉണ്ടാവും: കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭ, അസംബ്ലി തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തിയാല്‍ 4,555 കോടി രൂപയുടെ അധിക ചെലവുണ്ടാകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പെന്ന ആശയം സംബന്ധിച്ച നിയമ കമ്മീഷന്‍ അഭിപ്രായം ആരാഞ്ഞപ്പോഴാണു പദ്ധതി നടപ്പായാല്‍ 2034 വര്‍ഷത്തേക്കു വരെ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തിയാല്‍ ഭീമമായ അധിക ചെലവ് നേരിടേണ്ടി വരുമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിനായി ജനപ്രാതിനിധ്യ നിയമത്തിലെ ഭേദഗതികള്‍ പാര്‍ലമെന്റിലും സംസ്ഥാന അസംബ്ലികളിലും പാസാകാനുള്ള ദീര്‍ഘകാല സമയത്തിന് പുറമെയാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇതിനാവശ്യമായി വരുന്ന അധിക ചെലവുകള്‍ വിശദീകരിച്ചത്.
തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുമ്പോള്‍ ഓരോ പോളിങ് ബൂത്തിലും രണ്ട് സെറ്റ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ അധികമായി വേണ്ടിവരും. ഇതിന് പുറമേ 36,25,000 ബാലറ്റ് യൂനിറ്റുകളും 26,50,000 കണ്‍ട്രോള്‍ യൂനിറ്റുകളും 28,62,000 വിവി പാറ്റ് യൂനിറ്റുകളും വേണ്ടി വരും. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുമ്പോള്‍ അധികമായി സ്ഥാപിക്കേണ്ടി വരുന്ന 12.9 ലക്ഷം ബാലറ്റ് യൂനിറ്റിനും 12.3 ലക്ഷം വിവിപാറ്റ് യൂനിറ്റിനും 9.4 ലക്ഷം കണ്‍ട്രോള്‍ യൂണിറ്റിനും കൂടിയാണ് 4,554.93 കോടി രൂപ ചെലവ് വരുന്നത്.
ഇതിന് പുറമെ 2019 ആകുമ്പോള്‍ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണത്തില്‍ 14 ശതമാനം വര്‍ധവുണ്ടാകും.
2024 ആകുമ്പോള്‍ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം 15 ശതമാനം വര്‍ധിച്ച് 12,19,000 ആകും. ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പായാല്‍ 2024ല്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് അധികമായി 1751 കോടി രൂപ കണ്ടെത്തണം. 2029ല്‍ ഇത് 2,015 കോടി രൂപയാവും. നാലാം ഘട്ടം ആകുമ്പോഴേക്കും 13,982 കോടി രൂപ അധിക ചെലവ് വരുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഗതാഗത, സുരക്ഷ ചെലവുകള്‍ക്കു പുറമെയാണ് ഇത്രയും അധിക ചെലവ് വേണ്ടി വരിക എന്നും കമ്മീഷന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it