45 മീറ്റര്‍ ചുങ്കപ്പാതയ്ക്ക് ഭൂമി വിട്ടുതരില്ല: എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ കാല്‍ ലക്ഷത്തിലേറെ ആളുകളെ ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ 45 മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുപ്പ് നടത്തി ബിഒ ടി അടിസ്ഥാനത്തില്‍ ചുങ്കപ്പാത നിര്‍മിക്കാനുള്ള പദ്ധതിക്ക് ഭൂമി വിട്ടുതരില്ലെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ നേതൃയോഗം പ്രഖ്യാപിച്ചു. ഗോവ സംസ്ഥാനത്തും തിരുവനന്തപുരത്തെ കരമനകളിയിക്കാവിള പാതയിലും നടപ്പാക്കിയത് പോലെ 30 മീറ്റര്‍ വീതിയില്‍ സ്ഥലമെടുത്ത് 6 വരിപ്പാത നിര്‍മിച്ചാല്‍ കുടിയിറക്കലും മറ്റ് നാശനഷ്ടങ്ങളും ഗണ്യമായി കുറയ്ക്കാനാവുമെന്ന വസ്തുത, പരിശോധിക്കാന്‍ പോലും ഹൈവേ  റവന്യൂ അധികൃതര്‍ തയ്യാറാവാത്തത് ബിഒടി മാഫിയയുടെ സമ്മര്‍ദത്താലാണെന്ന് ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം ചൂണ്ടിക്കാട്ടി. നിലവിലുള്ള പാതയുടെ ശരാശരി വീതി 15 മീറ്ററാണെന്നിരിക്കെ, 30 മീറ്ററിന് വേണ്ടി അത്രയും സ്ഥലം കൂടി വിട്ടു കൊടുത്ത് ഒഴിഞ്ഞു പോവാന്‍ സന്നദ്ധത അറിയിച്ചവരെ 45 മീറ്ററിന്റെ പേരുപറഞ്ഞ് ദ്രോഹിക്കുന്നത് അനീതിയാണെന്ന് യോഗം വിലയിരുത്തി. 45 മീറ്റര്‍ ചുങ്കപ്പാത പദ്ധതിയിലും 30 മീറ്റര്‍ ആറുവരിപ്പാത പദ്ധതിയിലും വികസിപ്പിക്കപ്പെടുന്ന റോഡിന്റെ അളവ് തുല്യമാണെന്ന വസ്തുതക്ക നേരെ അധികൃതര്‍ ബുദ്ധിപരമായ മൗനം നടിക്കുന്നത് ജനവഞ്ചനയാണെന്നും ഇക്കാര്യം തുറന്നു കാട്ടുമെന്നു ം യോഗം മുന്നറിയിപ്പ് നല്‍കി. ബിഒടി മാഫിയയുടെ കോടികള്‍ കിലുങ്ങുന്ന ബിസിനസ്സ് താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി പാവപ്പെട്ടവനെ തെരുവിലിറക്കുന്നത് നോക്കി നില്‍ക്കില്ല. 45 മീറ്റര്‍ സ്ഥലമെടുപ്പ് വിജ്ഞാപനം നടപ്പാക്കുവാന്‍ അനുവദിക്കില്ലെന്നും യോഗം തീരുമാനിച്ചു. ഭൂമിയും കിടപ്പാടവും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിട്ടേ സ്ഥലമെടുപ്പ് വിജ്ഞാപനമിറക്കുകയുള്ളൂവെന്ന് സമരസമിതിക്ക് ഉറപ്പ് നല്‍കിയ ജില്ലാ കലക്ടര്‍, ഒരു മാസത്തിനുള്ളില്‍ സ്ഥലമെടുപ്പ് പൂ ര്‍ത്തിയാക്കാമെന്ന് ഇന്നലെ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയ നടപടി പ്രതിഷേധാര്‍ഹമാണ്. വി പി ഉസ്മാന്‍ ഹാജി അധ്യക്ഷ്യത വഹിച്ചു. ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. പി കെ പ്രദീപ് മേനോന്‍ ടോള്‍ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിശ്വനാഥന്‍ പാലപ്പെട്ടി, മഹമൂദ് വെളിയങ്കോട്, അബ്ബാസ് മൗലവി മൂടാല്‍, ഇഖ്ബാല്‍ കഞ്ഞിപ്പുര, നദീര്‍ സ്വാഗതമാട്, ഇബ്രാഹിം കുട്ടി പാലച്ചിറമാട്, കോയാമു വെന്നിയൂര്‍, ഷാഫി കക്കാട്, അബു പടിക്കല്‍, ടി പി തിലകന്‍ ചേളാരി, കെ പി പോള്‍ ചെട്ട്യാര്‍മാട്,ലബ്ബന്‍ കാക്കഞ്ചേരി, ഇബ്രാഹിം ഇടി മുഴിക്കല്‍ സംസാരിച്ചു.

RELATED STORIES

Share it
Top