thiruvananthapuram local

തീരം നഷ്ടപ്പെട്ടവര്‍ക്ക് ആശ്രയമായി മുതലപ്പൊഴി ഹാര്‍ബര്‍

കഠിനംകുളം: കടല്‍ ആക്രമണത്തില്‍ തീരം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മല്‍സ്യബന്ധനത്തിന് പോകാന്‍ കഴിയാതിരുന്ന നൂറുകണക്കിന് മല്‍സ്യതൊഴിലാളികള്‍ക്ക് പെരുമാതുറ മുതലപ്പൊഴി ഹാര്‍ബര്‍ ആശ്വാസകേന്ദ്രമാകുന്നു. ജില്ലയിലെ പൂന്തുറ മുതല്‍ വര്‍ക്കല വരെയുള്ള മല്‍സ്യതൊഴിലാളികള്‍ക്കാണ് മുതലപ്പൊഴി മല്‍സ്യബന്ധന തുറമുഖം ഏറെ ഗുണകരമായിരിക്കുന്നത്. കാലാകാലങ്ങളില്‍ പൂന്തുറ ശംഖുമുഖം തീരങ്ങളില്‍ കാലവര്‍ഷക്കെടുതിയില്‍ അതിശക്തമായ കടലാക്രമണമാണ് ഉണ്ടാകുന്നത്. കര മുഴുവനായി നഷ്ട്ടപ്പെടുകയും നൂറുകണക്കിന് വീടുകളെ കടല്‍ വീഴുങ്ങുന്നതും പതിവാണ്. എന്നാല്‍ കാലവര്‍ഷം അവസാനിക്കുന്നതോടെ നേരത്തെ ഉണ്ടായിരുന്ന തീരം ലഭ്യമാവുമായിരുന്നെങ്കിലും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം തുടങ്ങിയതോടെ ഇവിടങ്ങളിലെ തീരം സ്ഥിരമായി ഇല്ലാതാവുകയും മല്‍സ്യതൊഴിലാളികള്‍ക്ക് മല്‍സ്യബന്ധനത്തിന് പോകാന്‍ കഴിയാത്ത അവസ്ഥയുമായി. പെരുമാതുറ മുതലപ്പൊഴി ഹാര്‍ബര്‍ നിര്‍മാണത്തിലെ അശാസ്ത്രിയ മൂലം താഴംപള്ളി മുതല്‍ അഞ്ച് തെങ്ങ് വരെയുള്ള പ്രദേശങ്ങളിലെ കടല്‍തീരം പൂര്‍ണമായി ഇല്ലാതായി. അഞ്ചുതെങ്ങ് മുതല്‍ വര്‍ക്കല വരെയുള്ള തീരങ്ങളും ഇപ്പോള്‍ കടലെടുത്ത് വരുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് ഈ പ്രദേശത്തെ മല്‍സ്യതൊഴിലാളികള്‍ക്ക് മുതലപ്പൊഴി തുറമുഖം ഏറെ സഹായകമായിരിക്കുന്നത്. പൂന്തുറ, വലിയതുറ, ബീമാപള്ളി, ശംഖുമുഖം, വേളി, താഴപ്പള്ളി, മാംപള്ളി, പൂത്തുറ, അഞ്ചുതെങ്ങ്, വെട്ടുര്‍ ,ചിലക്കൂര്‍, വര്‍ക്കല പ്രദേശത്തെ നൂറുകണക്കിന് മത്സ്യതൊഴിലാളികളാണ് ദിവസവും മുതലപ്പൊഴിഹാര്‍ബറില്‍ മല്‍സ്യബന്ധനത്തിന് എത്തുന്നത്. ഈ പ്രദേശങ്ങളിലുള്ള നൂറ് കണക്കിന് മല്‍സ്യബന്ധന വള്ളങ്ങളാണ് മുതലപ്പൊഴി പ്രദേശത്ത് തമ്പടിച്ചിട്ടുള്ളത്. തൊഴിലാളികള്‍ക്ക് ഹാര്‍ബറിലെത്താനും തിരിച്ച് പോകാനും ബോട്ടുടമകള്‍ പ്രത്യേകം വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി മുതലപൊഴി ഹാര്‍ബര്‍ വഴി മല്‍സ്യബന്ധത്തിന് പോകുന്ന ബോട്ടുകളുടെയും തൊഴിലാളികളുടെ എണ്ണം നൂറിരട്ടി ആയിട്ടുണ്ട്. മല്‍സ്യലഭ്യതയും ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. കോടിയോളം രൂപയുടെ കച്ചവടാണ് ഹാര്‍ബറില്‍ നടക്കുന്നത്. ഹാര്‍ബര്‍ കവാടത്തിലേക്ക് മണലിടിഞ്ഞ് തിരമാല ശക്തമാകുന്നത് സ്ഥിരം സംഭവമാണ്. ഇത് കാരണം ഇവിടെ അപകടങ്ങളും അപകടമരണങ്ങളും പതിവാണ്. കഴിഞ്ഞ രണ്ട് മാസമായായി അഴിമുഖത്ത് തിരയടിയില്ലാത്തത് കാരണം മല്‍സ്യബന്ധനം സുഖമമായി നടക്കുന്നുണ്ട്. എന്നാല്‍ ഏത് സമയവും തിരയടി ശക്തമാകും. ഇതോട് കൂടി തുറമുഖം വഴിയുള്ള മത്സ്യബന്ധനം നിലക്കും. ഈ പ്രതിഭാസത്തിന് ശാശ്വത പരിഹാരം കാണണമെങ്കില്‍ അഴിമുഖത്ത് അടിഞ്ഞുകൂടുന്ന മണല്‍ ട്രഡ്ജ് ചെയ്യ്ത് മാറ്റണം. നിലവില്‍ അദാനിയുടെ വാര്‍ഫ് നിര്‍മാണം നടക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണ ആവിശ്യത്തിന് പാറകൊണ്ട് പോകുന്നതിനാണ് ഈ വാര്‍ഫ് നിര്‍മ്മിക്കുന്നത്. ഇതിന് പകരമായി ഹാര്‍ബര്‍ കവാടത്തിലും മറ്റും അടിഞ്ഞുകൂടിയ മണലും പാറകളും അദാനി നീക്കം ചെയ്യുമെന്നാണ് കരാര്‍. എന്നാല്‍ വാര്‍ഫ് നിര്‍മാണം പുരോഗമിക്കുന്നുണ്ടെങ്കിലും അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്ന പണി ഇന്ന് വരെ തുടങ്ങിയിട്ടില്ല. ഇത് തുടര്‍ന്നാല്‍ മല്‍സ്യതൊഴിലാളികള്‍ക്ക് ആശ്വാസകേന്ദ്രമായി മാറികൊണ്ടിരിക്കുന്ന മുതലപ്പൊഴിഹാര്‍ബര്‍ ഉപയോഗശൂന്യമായി മാറുമെന്ന് തദ്ദേശവാസികള്‍ ഭയപ്പെടുന്നു.

Next Story

RELATED STORIES

Share it