ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ കാരിക്കേച്ചര്‍-കാര്‍ട്ടൂണ്‍ രചന

തിരുവനന്തപുരം: ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ ചിരിയുണര്‍ത്തുന്ന കാര്‍ട്ടൂണിനും കാരിക്കേച്ചറിനും കഴിയുമെന്ന്് ഓര്‍മപ്പെടുത്തി 27 കലാകാരന്മാര്‍ നടത്തിയ കാരിക്കേച്ചര്‍-കാര്‍ട്ടൂണ്‍ രചന കൗതുകമായി. ദുരിതാശ്വാസത്തിന് ധനശേഖരണാര്‍ഥം, കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് സെക്രട്ടേറിയറ്റ് പടിക്കല്‍ കലാകാരന്മാര്‍ ഒത്തുചേര്‍ന്നത്. സമരവേദികളുടെ പതിവുസ്ഥലത്ത് പൊതുജനം ചിത്രകാരന്മാരുടെ മുന്നില്‍ മോഡലുകളായി മാറി. അവര്‍ക്കൊപ്പം ഇടയ്ക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും സ്പീക്കറും ഡിജിപി ലോകനാഥ് ബെഹ്‌റയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ എത്തി. ചിത്രങ്ങള്‍ വരച്ച് നല്‍കിയതില്‍ നിന്ന് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. പരിപാടിയില്‍ ആകര്‍ഷണമായി ഡാവിഞ്ചി സുരേഷ് നിര്‍മിച്ച പ്രളയ ശില്‍പവും എത്തിയിരുന്നു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പിവി കൃഷ്ണന്‍ കാര്‍ട്ടൂണ്‍ വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിനെ പ്രളയത്തില്‍ നിന്നുയര്‍ത്തുന്ന ഒരു അമ്മയായി മുഖ്യമന്ത്രി പിണറായി വിജയനെ വരച്ചതായിരുന്നു ചിത്രം. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കാരക്കാമണ്ഡപം വിജയകുമാര്‍, എബി എന്‍ ജോസഫ്, കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി സുധീര്‍നാഥ്, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ സജീവ് ശൂരനാട് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it