കണ്ണൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആദ്യമായി ലോകത്തിന്റെ നെറുകയിലെത്തിച്ച മുന്‍ ക്യാപ്റ്റന്‍ കപില്‍ദേവ് കണ്ണൂരിലെത്തി. ആരവങ്ങളോ ഔദ്യോഗിക സ്വീകരണങ്ങളോ ഇല്ലാതെയായിരുന്നു സന്ദര്‍ശനം. ഖത്തറിലെ വ്യവസായ പ്രമുഖന്‍ കണ്ണൂര്‍ താണയിലെ ഡോ. എം പി ഹസന്‍കുഞ്ഞി-പി വി സുഹ്‌റാബി ദമ്പതികളുടെ മകന്‍ ഹാഫിസിന്റെയും മുംബൈയിലെ ഫസല്‍ അബ്ദുല്‍ കരീം ഖാസി-തസ്‌നീം ഖാസി ദമ്പതികളുടെ മകള്‍ ആയിഷയുടെയും വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം വൈകീട്ട് മുണ്ടയാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലായിരുന്നു സല്‍ക്കാരം. ഭാര്യ റോമിയും മകള്‍ അമിയയും ഒപ്പമുണ്ടായിരുന്നു. 35 വര്‍ഷം മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിമറിച്ച് ലോര്‍ഡ്‌സില്‍ ഐതിഹാസിക വിജയം സമ്മാനിച്ച 'ചെകുത്താന്‍ സംഘ'ത്തിന്റെ നായകന്‍ എത്തിയതറിഞ്ഞ് നിരവധി പേര്‍ സല്‍ക്കാരം നടക്കുന്ന സ്ഥലത്തെത്തി. മടങ്ങാന്‍ നേരം ഇന്നലെ രാവിലെ റെയില്‍വേ സ്‌റ്റേഷനില്‍ വിഐപി മുറിക്ക് പകരം കപിലും കുടുംബവും വിശ്രമിച്ചത് റെയില്‍വേ സൂപ്രണ്ടിന്റെ മുറിയിലായിരുന്നു.
കേരളത്തെ കുറിച്ചുള്ള ചോദ്യത്തിന് മനോഹരമായ നാട് എന്നായിരുന്നു മറുപടി. സ്വകാര്യ ചടങ്ങായതിനാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കപി ല്‍ തയ്യാറായില്ല. ലഫ്. കേണല്‍ പദവിയുള്ള അദ്ദേഹം സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. 2008 സപ്തംബറിലാണ് ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്റ് കേണലായി അദ്ദേഹത്തിനു സ്ഥാനം നല്‍കിയത്. യുവജനങ്ങള്‍ക്കിടയില്‍ സൈന്യത്തിന്റെ അംബാസഡറായി സേവനം ചെയ്യുന്നതിനിടെയാണ് കണ്ണൂര്‍ സന്ദര്‍ശനം.

RELATED STORIES

Share it
Top